| Sunday, 19th December 2021, 7:32 pm

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ ഉദ്ദേശിച്ച് ചെയ്തതല്ല; ഫേസ്ബുക്ക് പോസ്റ്റിന് സിദ്ദീഖിന്റെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഔദ്യാഗിക പാനലിന് തിരിച്ചടി നല്‍കി നല്‍കി വിമത പക്ഷത്ത് നിന്ന് മത്സരിച്ചിരുന്നവര്‍ ജയിച്ചിരുന്നു. അതേസമയം ഇന്നത്തെ തെരഞ്ഞെടുപ്പില്‍ സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി.

ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്‌സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.

അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ സിദ്ദീഖ് പറഞ്ഞു.

അതേസമയം സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് മണിയന്‍ പിള്ള രാജു ആവര്‍ത്തിച്ചു. ‘പൊസിഷനില്‍ ഒന്നും ഇല്ലാതെ തന്നെ അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി രംഗത്തിറങ്ങുന്നയാളാണ് ഞാന്‍. ഇപ്പോ വൈസ് പ്രസിഡന്റ് ആയിട്ട് നില്‍ക്കണമെന്ന് തോന്നി. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റാണെന്ന് അറിയുകയായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും നില്‍ക്കില്ലായിരുന്നു.

എല്ലാവരും നമ്മുടെ ഫ്രണ്ട്‌സ് ആണ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്താനമൊക്കെ പറഞ്ഞ് ഒന്നിച്ച് തന്നെയാണ് നില്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് സിദ്ദീഖ് പങ്കുവെച്ച പോസ്റ്റില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ പരാമര്‍ശവും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് മണിയന്‍പിള്ള രാജു രംഗത്ത് വന്നിരുന്നു.
എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതില്‍ ശക്തമായ പ്രതിക്ഷേധമുണ്ടെന്നും വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.
ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sidhique explanation about facebook post

We use cookies to give you the best possible experience. Learn more