മലയാള സിനിമയ്ക്ക് നിരന്തരം ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരാണ് സിദ്ദിഖും ലാലും. ഗോഡ്ഫാദര്‍, ഹിറ്റ്‌ലര്‍, റാംജി റാവു സ്പീക്കിങ്ങ്, മാന്നാര്‍ മത്തായി സ്പീക്കിങ്ങ് തുടങ്ങി ഒരുപാട് മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.
സംവിധായകന്‍ ഫാസിലിനെ അസിസ്റ്റ് ചെയ്താണ് ഇരുവരും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കാലെടുത്തു വെക്കുന്നത്. നദിയ മൊയ്തു, മോഹന്‍ലാല്‍, പത്മിനി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദിഖ്. കൈരളി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സിനിമയില്‍ ശ്രീകുമാര്‍ എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ വേണ്ട എന്നാണ് ഫാസില്‍ പറഞ്ഞതെന്നും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് മോഹന്‍ലാലിലേക്ക് തന്നെ എത്തുകയായിരുന്നെന്നും സിദ്ദിഖ് പറയുന്നു.
‘ഞങ്ങള്‍ ആദ്യമായി പാച്ചിക്കയെ അസിസറ്റ് ചെയ്ത സിനിമയാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. ആ സിനിമയില്‍ പാച്ചിക്ക കൊണ്ടുവന്ന ആളാണ് മോഹന്‍ലാല്‍. എങ്കിലും, സിനിമയുടെ കഥയൊരുക്കുന്ന സമയത്തും ചര്‍ച്ചകളിലും ലാലല്ല ആ കഥാപാത്രമായി പാച്ചിക്കയുടെ മനസ്സിലുണ്ടായിരുന്നത്
ലാല്‍ അസാമാന്യനായ നടനാണ് പക്ഷേ ഞാന്‍ ഒരു പയ്യനെയാണ് മനസില്‍ കാണുന്നത്, ഇതാണ് പാച്ചിക്കയുടെ മനസ്സില്‍.
പക്ഷേ കഥയുണ്ടാക്കി വന്നപ്പോള്‍ ഈ കഥാപാത്രം വളരെ ഡെപ്ത് ഉള്ളതാണെന്നും തൊട്ടടുത്ത വീട്ടിലെ പയ്യനാണെങ്കില്‍ കൂടിയും വളരെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണെന്നും അതുകൊണ്ട് ലാല്‍ തന്നെ വേണമെന്നും പാച്ചിക്ക പറഞ്ഞു. അങ്ങനെയാണ് ലാല്‍ ഈ സിനിമയിലെത്തുന്നത്,’ സിദ്ദിഖ് പറയുന്നു.
ഇതിന് ശേഷം താനും ലാലും സ്വതന്ത്രമായി സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ്ങ് എന്ന സിനിമയില്‍ സായ്കുമാറിന്റെ കഥാപാത്രം മോഹന്‍ലാലിനെ മനസ്സില്‍ കരുതിയാണ് തങ്ങള്‍ തയ്യാറാക്കിയതെന്നും, എന്നാല്‍ ഫാസിലിന്റെ നിര്‍ദേശപ്രകാരമാണ് ഒരു പുതുമുഖ നടന്‍ ആ കഥാപാത്രം ചെയ്തതെന്നും സിദ്ദിഖ് പറഞ്ഞു.