മലയാളത്തില്‍ ഏറ്റവും ഫ്‌ളക്‌സിബിളായ ഒരു നടനാണ് സിദ്ദീഖ്. തമാശയാണെങ്കിലും, വില്ലനാണെങ്കിലും, അച്ഛന്‍ റോളാണെങ്കിലും കിട്ടുന്ന കഥാപാത്രങ്ങള്‍ സിദ്ദീഖ് ഗംഭിരമാക്കാറുണ്ട്. അവസാനം പുറത്തിറങ്ങിയ സിദ്ദീഖിന്റെ ചിത്രം ആറാട്ടായിരുന്നു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ സിദ്ദീഖ് എത്തിയതെങ്കിലും തമാശ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ഇത്.
ഈ കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാല്‍ തന്റെ സി.ഐ. കഥാപാത്രത്തിന് ലഭിച്ച വിമര്‍ശനങ്ങളെ പറ്റി പറയുകയാണ് സിദ്ദീഖ്. ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യരുത് എന്ന് ചിലര്‍ പറഞ്ഞുവെന്ന് സിദ്ദീഖ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖിന്റെ പ്രതികരണം.
‘ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു. ‘സിദ്ദീഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’. നല്ലത് പറഞ്ഞാല്‍ ഞാന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വെക്കും.
ചിലരെന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്. മോഹന്‍ലാലും സിദ്ദീഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ്,’ സിദ്ദീഖ് പറഞ്ഞു.
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്.
കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവും ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ എത്തിയിരുന്നു.
നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
Content Highlight: sidhique about his character in aarattu