നേരിലൂടെ മോഹൻലാൽ- ജീത്തു ജോസഫ് കോംബോ വീണ്ടും ചരിത്രം ആവർത്തിരിച്ചിരിക്കുകയാണ്. ചിത്രത്തിൽ പ്രതിഭാഗം വക്കീലായാണ് സിദ്ദീഖ് എത്തുന്നത്. സിദ്ദീഖിന്റെ കഥാപാത്രത്തിന്റെ ക്രൂരത പ്രേക്ഷകരെ രോഷാകുലരാക്കിയിരുന്നു. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിനെക്കുറിച്ചും നേര് സിനിമയുടെ വിജയത്തിനെക്കുറിച്ചും ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനിൽ സിദ്ദീഖ് പങ്കുവെക്കുകയായിരുന്നു.
തനിക്ക് ഈ അടുത്ത കാലത്തൊന്നും ഇത്രയും ചീത്തപ്പേര് കിട്ടിയ ചിത്രമില്ലെന്നും പക്ഷെ ആ ചീത്തപ്പേര് താൻ ആസ്വദിക്കുന്നുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. സിനിമയിൽ ഇത്ര ക്രൂരത കാട്ടിയിട്ടും മോഹൻലാൽ തന്നെ ഒന്നും ചെയ്‌തിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.
‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്ത പേരുണ്ടാക്കിയ ഒരു സിനിമയില്ല. പക്ഷേ ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. എല്ലാവരും എടുത്ത് പറഞ്ഞത് തീയേറ്ററിൽ വന്നാൽ ആളുകൾ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങൾ പറയുന്ന പെർടികുലർ സീൻ അനശ്വരയുടെ കൂടെ ചെയ്യുമ്പോൾ ഇത്രയും ക്രൂരമാവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. തിയേറ്ററിൽ അത് ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതാണ്.
പിന്നെ ഒരു സമാധാനമുള്ളത് ഇതിൽ എന്നെയങ്ങനെ ചീത്തപറയാനും ഇടിക്കാനുമൊന്നും മോഹൻലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാൻ പറ്റാറില്ല. എന്നോട് എല്ലാവരും ഏതെങ്കിലും സിനിമയിലുള്ള ഡയലോഗുകൾ പറയാമോ എന്ന് ചോദിക്കും. ഡയലോഗ് പറയാൻ സമ്മതിക്കേണ്ടേ അതിനുമുമ്പ് ഇടി തുടങ്ങും.
ഇതിൽ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹൻലാൽ എന്നെ ഒന്നും ചെയ്തിട്ടില്ല. വളരെ കൃത്യമായിട്ടാണ് ജിത്തുവും ശാന്തിയും ഇതിന്റെ കഥ എഴുതിയിട്ടുള്ളത്. ആ സിനിമയുടെ ഭാഗമാകാൻ എനിക്കും സാധിച്ചു. ഇത്രയും നല്ല പേരുണ്ടാകും ഇത്രയും നല്ല വിജയമാകും ഞങ്ങൾ പ്രതീക്ഷിക്കാത്തത് പേടികൊണ്ടാണ്. ഞങ്ങൾ പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയാലോ എന്ന പേടികൊണ്ടാണ് നന്നായി വരട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു. ഞങ്ങൾ ആഗ്രഹിച്ചതിനേക്കാൾ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാക്കി മാറ്റിയ എല്ലാവരോടും നന്ദി പറയുന്നു,’ സിദ്ദീഖ് പറഞ്ഞു.
Content Highlight: Sidhique about the success of neru movie