| Saturday, 9th March 2024, 12:34 pm

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക്.

കേസ് സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താ കുറിപ്പ് പുറത്തുവിട്ടു.

സിദ്ധാർത്ഥന്റെ അച്ഛൻ ഇന്ന് മുഖ്യമന്ത്രിയെ കണ്ട്‌ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സർക്കാർ തീരുമാനം വന്നത്.

‘സിദ്ധാർത്ഥന്റെ മരണം വലിയ രീതിയിൽ സങ്കടമുണ്ടാക്കിയതാണ്. സിദ്ധാർത്ഥന്റെ അച്ഛൻ എന്നെ വന്ന് കണ്ടിരുന്നു. മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാണ് സിദ്ധാർത്ഥന്റെ അച്ഛനും ബന്ധുക്കളും ആവശ്യപ്പെട്ടത്.

ഇപ്പോൾ നടക്കുന്ന അന്വേഷണം കുറ്റമറ്റതാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് അമ്മ നിവേദനം നൽകിയത് മാനിച്ച് അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചിരിക്കുകയാണ്,’ വാർത്താ കുറിപ്പിൽ പറയുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മർദ്ദനത്തിനുശേഷം എണീറ്റ് നിൽക്കാൻ പോലും സാധിക്കാത്തയാൾ എങ്ങനെ ആത്മഹത്യ ചെയ്യും എന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജയപ്രകാശ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

സി.ബി.ഐക്ക് അന്വേഷണ ചുമതല കൈമാറിയതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ്‌ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.സിദ്ധാർത്ഥന്റെ പിതാവും യൂത്ത് കോൺഗ്രസിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. മകന്റെ 41 കഴിഞ്ഞതിന് ശേഷം പ്രവർത്തകരെ പോയി കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്റ്റലിലെ റാഗിങ്ങിന്റെയും ആൾക്കൂട്ട വിചാരണയുടെയും പിന്നാലെ സിദ്ധാർത്ഥനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിൽ എസ്.എഫ്.ഐ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്.

CONTENT HIGHLIGHT: Sidharthan case; Investigation duty to CBI

We use cookies to give you the best possible experience. Learn more