ട്രോളാൻ വേണ്ടി പറയുകയല്ല ഇതിനപ്പുറത്തേക്ക് എനിക്കിനി ഒരു സിനിമയിലും ചെയ്യാൻ കഴിയില്ല: സിദ്ധാർത്ഥ്
Entertainment
ട്രോളാൻ വേണ്ടി പറയുകയല്ല ഇതിനപ്പുറത്തേക്ക് എനിക്കിനി ഒരു സിനിമയിലും ചെയ്യാൻ കഴിയില്ല: സിദ്ധാർത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th December 2023, 11:32 am

ഈ വർഷം കോളിവുഡിൽ നിന്ന് ഇറങ്ങിയതിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു സിദ്ധാർഥ് നായകനായ ചിത്ത. മരുമകളുമയുള്ള ഈശ്വരൻ എന്ന നായകന്റെ ആത്മബന്ധമാണ് സിനിമ സംസാരിക്കുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് എല്ലാ ഭാഗത്തുനിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്തയുടെ നിർമാതവും നടനുമായ സിദ്ധാർത്ഥ്.

ചിത്ത പോലൊരു സിനിമ തന്റെ കരിയറിൽ മുമ്പ് ചെയ്തിട്ടില്ലെന്നും ഇതിനേക്കാൾ മികച്ച സിനിമ തെരഞ്ഞെടുക്കാൻ ഇനി എനിക്ക് കഴിയില്ലെന്നും സിദ്ധാർത്ഥ് പറയുന്നു. താനും സംവിധായകൻ അരുൺ കുമാറും സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനെല്ലാം ഒരു അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയലാണ് താനെന്നും സിനിമാ വികടനോട് സിദ്ധാർത്ഥ് പറഞ്ഞു.

 

‘ഇതുപോലെ ഒരു സിനിമ ഞാൻ മുമ്പൊരിക്കലും ചെയ്തിട്ടില്ല. ഇതിനപ്പുറത്തേക്ക് അല്ലെങ്കിൽ ഇതിനെക്കാൾ നല്ലൊരു ചിത്രം തെരഞ്ഞെടുക്കാൻ എനിക്ക് അറിയില്ല. ഞാൻ സത്യം പറയുകയാണ്. അങ്ങനെ വേറെ ഒരു സിനിമ തെരഞ്ഞെടുക്കാൻ എനിക്കറിയില്ല.

ഞാൻ വെറുതെ പറയുകയല്ല. എന്നെ ട്രോളാൻ വേണ്ടി പറയുകയുമല്ല, എനിക്ക് അറിയുന്ന എല്ലാം ഞാൻ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. ആത്മാർത്ഥമായി പറയുകയാണ്. ഇതിന് മുകളിലേക്ക് എനിക്ക് ചെയ്യാൻ കഴിയില്ല. ഞാനും അരുണും അത്രയും കഷ്ടപ്പെട്ടിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി.

ആ ഹാർഡ് വർക്കിനും ഞങ്ങളുടെ സിനിമയ്ക്കുമെല്ലാം മുഖ്യമായ ഒരു അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഞാൻ,’സിദ്ധാർഥ് പറയുന്നു.

Content Highlight: Sidharth Talk About His Movie Chithha