ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിദ്ധാര്‍ത്ഥ്. മണിരത്‌നം സംവിധാനം ചെയ്ത ആയുത എഴുത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചു.
2015ല്‍ പുറത്തിറങ്ങിയ കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സിദ്ധാര്‍ത്ഥിനെ തേടിയെത്തി. ഇന്ത്യന്‍ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റൊമാന്റിക് സോങ്ങുകളെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്. റൊമാന്റിക് പാട്ടുകള്‍ പലപ്പോഴും കേള്‍ക്കാറുണ്ടെന്നും ഈയടുത്ത് എ.ആര്‍ റഹ്‌മാന്‍ കമ്പോസ് ചെയ്ത ഒരു പാട്ട് കേട്ട് അമ്പരന്നുപോയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിലെ പാട്ട് കേട്ടതും താന്‍ മറ്റൊരു ലോകത്തിലെത്തിയതുപോലെ തോന്നിയെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. കമ്പോസിങ്ങില്‍ ഇപ്പോഴും ആ ഒരു ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ റഹ്‌മാന് സാധിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ആ പാട്ട് കേട്ട ഉടന്‍ റഹ്‌മാനെ വിളിച്ച് സംസാരിച്ചെന്നും താങ്കള്‍ക്ക് പ്രായമാകുന്നില്ലേ എന്ന് ചോദിച്ചെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ലുക്കില്‍ മാത്രമേ ചെറുപ്പം തോന്നിക്കുള്ളൂവെന്നും റഹ്‌മാനെപ്പോലെയുള്ള ഇതിഹാസങ്ങളുടെ വര്‍ക്കിലൂടെയാണ് അവരുടെ ചെറുപ്പം മനസിലാകുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. പുതിയ ചിത്രമായ മിസ് യൂവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.
‘ഇന്ത്യന്‍ റൊമാന്റിക് സിനിമകളില്‍ പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. റൊമാന്റിക് പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്ക് ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം റഹ്‌മാന്‍ സാര്‍ ഒരു പാട്ട് പുറത്തിറക്കിയിരുന്നല്ലോ, കാതലിക്ക നേരമില്ലൈ എന്ന സിനിമയിലെ. അത് കേട്ടതും മറ്റൊരു ലോകത്ത് എത്തിയതുപോലെയാണ് തോന്നിയത്. ആ കമ്പോസിങ്ങില്‍ ഇപ്പോഴും ചെറുപ്പം ഫീല്‍ ചെയ്യാന്‍ സാധിക്കും.
ആ പാട്ട് കേട്ടതും ഞാന്‍ റഹ്‌മാന്‍ സാറിനെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് പ്രായമാകുന്നില്ലേ എന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് ആദ്യം ചോദിച്ചത്. അത് കേട്ട് ഒരു ചിരി മാത്രമായിരുന്നു സാറിന്റെ മറുപടി. സിനിമാലോകത്തിന് ലഭിച്ച നിധിയാണ് അദ്ദേഹം. എന്റെ ലുക്കില്‍ മാത്രമേ ചെറുപ്പം തോന്നിക്കുള്ളൂ. പക്ഷേ റഹ്‌മാന്‍ സാറിനെപ്പോലുള്ള ലെജന്‍ഡുകളുടെ വര്‍ക്കിലൂടെയാണ് അവരുടെ ചെറുപ്പം മനസിലാകുന്നത്,’ സിദ്ധാര്‍ത്ഥ് പറയുന്നു.
Content Highlight: Sidharth says that he wondered after heard AR Rahman’s new song