മുംബൈ: ഹരിയാനയില്‍ റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട കലാപത്തെ കുറിച്ചുള്ള ട്വീറ്റിന് ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് വിമര്‍ശനം. ദേരാ സച്ചാ സേദയുടെ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ട അക്രമത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതിനിടെ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചതിനാണ് സിദ്ധാര്‍ത്ഥിനെതിരെ വിമര്‍ശകര്‍ രംഗത്തെത്തിയത്.
ഹരിയാനയിലെ ജനങ്ങളോട് കലാപത്തില്‍ നിന്നും സുരക്ഷിതാരായിരിക്കാനും തന്റെ പുതിയ ചിത്രമായ ജെന്റില്‍മാന്‍ കാണാനും പറഞ്ഞു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ മരിച്ചു വീഴുമ്പോഴും തന്റെ ചിത്രം പ്രൊമോട്ട് ചെയ്യുന്ന താരത്തോട് രൂക്ഷമായാണ് പലരും പ്രതികരിക്കുന്നത്.
സംഭവം വിവാദമയതോടെ സിദ്ധാര്‍ത്ഥ് പിന്നീട് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. താന്‍ വിധി വരുന്നതിന് മുമ്പ് ചെയ്ത ട്വീറ്റായിരുന്നു അതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നാലെ അക്രമത്തില്‍ ദു:ഖം രേഖപ്പെടുത്തികൊണ്ടും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമമാണ് നടമാടുന്നത്. അക്രമസംഭവങ്ങളില്‍ 29 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്.
കലാപത്തിനു സമാനമായ സംഭവങ്ങളാണ് കോടതി വിധിക്ക് പിന്നാലെ ഇരുസംസ്ഥാനങ്ങളിലും ഉടലെടുത്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു.
ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.