സിദ്ധാര്‍ത്ഥന്റെ മരണം; വി.സിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ തൃപ്തിയുണ്ടെന്ന് അച്ഛന്‍
Kerala News
സിദ്ധാര്‍ത്ഥന്റെ മരണം; വി.സിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ തൃപ്തിയുണ്ടെന്ന് അച്ഛന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 1:47 pm

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തന്റെ മകന്റെ മരണത്തിന് പിന്നാലെ വി.സിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ തൃപ്തിയുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍.

വീട്ടില്‍ വന്ന് കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് പറഞ്ഞതല്ലാതെ ഡീനിനെതിരെ ഒരു നടപടിയും വി.സി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീനിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് ആവശ്യപ്പെട്ടു.

വി.സിയായ ഡോ.എം.ആര്‍. ശശീന്ദ്രനാഥിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ ഗവര്‍ണര്‍ സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ ചാന്‍സലര്‍ എന്ന നിലയിലെ തന്റെ അധികാരം ഉപയോഗിച്ചു കൊണ്ടുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ജയപ്രകാശിന് ഉറപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു വി.സിയായ ഡോ.എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തത്. വി.സിയെന്ന നിലയിലെ അധികാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശശീന്ദ്രനാഥ് പരാജയപ്പെട്ടുവെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണെന്നും ക്യാമ്പസുകളില്‍ എസ്.എഫ്.ഐയും പി.എഫ്.ഐയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചില കോളേജ് ഹോസ്റ്റലുകള്‍ അവരുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

വൈസ് ചാന്‍സലറുടേത് കൃത്യവിലോപമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കി.

ഈ മാസം 18നായിരുന്നു സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു.

ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്നുണ്ടായ നിസ്സഹായതയും മൂലമുള്ള കടുത്ത മനോവിഷമത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നിഗമനം.

Content Highlight: Sidharth Death Case; Father Said He Is Satisfied With The Suspension Of VC