സിദ്ധാർത്ഥിന്റെ ആത്മഹത്യ; 19 വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം പഠനവിലക്ക്, ഇന്ത്യയിലെ ഒരു സർവകലാശാലയിലും പ്രവേശനമില്ല
Kerala News
സിദ്ധാർത്ഥിന്റെ ആത്മഹത്യ; 19 വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം പഠനവിലക്ക്, ഇന്ത്യയിലെ ഒരു സർവകലാശാലയിലും പ്രവേശനമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 10:22 pm

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 19 വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തി കോളേജ് ആന്റി റാഗിങ് കമ്മിറ്റി.

ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇവർക്കിനി പ്രവേശം നേടാൻ സാധിക്കില്ല. പ്രതിപ്പട്ടികയിലുള്ള 18 പേർ കൂടാതെ ഒരാൾക്ക് കൂടി പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്ന് സിദ്ധാർത്ഥ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വെളിപ്പെട്ടു.

ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്തതിനെ തുടർന്നുണ്ടായ നിസ്സഹായതയും മൂലമുള്ള കടുത്ത മനോവിഷമത്തെ തുടർന്നാണ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നിഗമനം.

അതേസമയം സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ട് വീടിനു സമീപം ‘എസ്.എഫ്.ഐ പ്രവർത്തകനായ സിദ്ധാർത്ഥിന്റെ’ മരണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബോർഡ് സ്ഥാപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നു.

സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകനല്ലെന്നും കൊന്നത് ആരാണെന്ന് വ്യക്തമാണെന്നും അത് മറച്ചുപിടിക്കാനാണ് പ്രചാരണമെന്നും സിദ്ധാർത്ഥിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധാർത്ഥിനെ റാഗ് ചെയ്ത വിവരം കോളേജ് ഡീനായ എം.കെ. നാരായണനും അസിസ്റ്റന്റ് വാർഡനും അറിയാമായിരുന്നുവെന്നും ഡീനിനെയും പ്രതി ചേർക്കണമെന്നും പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു.

Content Highlight: Sidharth death case; 19 banned from academics for 3 years