| Thursday, 5th December 2024, 5:38 pm

ചെറുപ്പത്തില്‍ അമ്മയുടെ ആ സിനിമ കണ്ടപ്പോള്‍ എനിക്ക് ഒന്നും കത്തിയില്ല, പിന്നീടാണ് അതൊരു ക്ലാസിക്കാണെന്ന് മനസിലായത്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ചെറുപ്പം മുതല്‍ക്കേ അച്ഛന്റെയും അമ്മയുടെയും ഒരുവിധം എല്ലാ സിനിമകളും കാണാറുണ്ടായിരുന്നെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

അച്ഛന്റെ സിനിമകളോടായിരുന്നു തനിക്ക് കുറച്ചുകൂടി അടുപ്പമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. അമ്മയുടെ കഥാപാത്രങ്ങളുടെ ഹ്യൂമര്‍ മാത്രമേ തനിക്ക് മനസിലാകാറുള്ളൂവെന്നും കുട്ടിക്കാലത്ത് കായംകുളത്ത് പോയ സമയത്തായിരുന്നു തിയേറ്ററില്‍ നിന്ന് സന്ദേശം കണ്ടതെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

അന്ന് ചുറ്റുമുള്ളവര്‍ ഓരോ സീനും കണ്ട് ചിരിച്ചുവെന്നും എന്നാല്‍ തനിക്ക് ആ സിനിമ തീരെ കത്തിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അന്ന് താന്‍ ആറിലോ ഏഴിലോ പഠിക്കുകയായിരുന്നുവെന്നും ആ സിനിമ മനസിലാക്കാനുള്ള വിവരം ഇല്ലായിരുന്നെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. കുറച്ചുകൂടി പ്രായമായപ്പോഴാണ് അതിന്റെ വാല്യു മനസിലായതെന്നും മുതിര്‍ന്ന ശേഷം സന്ദേശത്തില്‍ നിന്ന് ഇന്‍സ്‌പെയര്‍ഡായി വേറൊരു സിനിമ തന്നെ ചെയ്‌തെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.

‘ചെറുപ്പത്തില്‍ അച്ഛന്‍ ഷൂട്ടും ബാക്കി കാര്യങ്ങളുമൊക്കെ കഴിഞ്ഞ് വരുമ്പോള്‍ വീഡിയോ കാസറ്റുകള്‍ കൊണ്ടുവരുമായിരുന്നു. അതൊക്കെ കണ്ടാണ് വളര്‍ന്നത്. അച്ഛന്റെ സിനിമകളോടായിരുന്നു അന്ന് കൂടുതല്‍ അടുപ്പം. അമ്മ ചെയ്യുന്ന ക്യാരക്ടേഴ്‌സിന്റെ ഹ്യൂമര്‍ സൈഡ് മാത്രമേ എനിക്ക് മനസിലാകുമായിരുന്നുള്ളൂ. അമ്മ അഭിനയിച്ച പല സിനിമകളുടെയും ഹ്യൂമര്‍ സൈഡ് മാത്രമേ എനിക്ക് മനസിലാകുമായിരുന്നുള്ളൂ.

ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് കായംകുളത്തുവെച്ചാണ് സന്ദേശം എന്ന സിനിമ തിയേറ്ററില്‍ നിന്ന് കാണുന്നത്. അന്ന് ചുറ്റുമുള്ള എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്താണ് സംഗതി എന്ന് മനസിലായില്ല. അന്ന് സന്ദേശം എനിക്ക് വര്‍ക്കായില്ല. പിന്നീട് കുറച്ചുകൂടി പ്രായ കൂടിയപ്പോള്‍ ആ സിനിമ കണ്ട് ചിരിക്കുമായിരുന്നു. സിനിമയെ സീരിയസായി എടുക്കാന്‍ ആരംഭിച്ചപ്പോഴാണ് അതിന്റെ വാല്യു മനസിലായതും അതില്‍ നിന്ന് ഇന്‍സ്പയറായി വേറൊരു സിനിമ ചെയ്തതും,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Content Highlight: Sidharth Bhrathan says that Sandesham doesn’t work for him on his first watch

We use cookies to give you the best possible experience. Learn more