കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സിദ്ധാര്‍ഥ് ഭരതന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും സിദ്ധാര്‍ത്ഥ് തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ ഭ്രമയുഗത്തിലൂടെ അഭിനയത്തില്‍ സജീവമായിരിക്കുകയാണ് സിദ്ധാര്‍ഥ് ഭരതന്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ മികച്ച പ്രകടനമാണ് സിദ്ധാര്‍ഥ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ഥ് ഭരതന്‍.
മമ്മൂട്ടി വലിയൊരു ജയന്റ് ആണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും സിദ്ധാര്‍ഥ് പറയുന്നു. കൂടെ അഭിനയിക്കുമ്പോള്‍ മമ്മൂട്ടി എല്ലാവര്‍ക്കും സമം ആയിരിക്കുമെന്നും എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും തുല്യ പ്രാധാന്യത്തോടെയാണ് അദ്ദേഹം കാണുകയെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
ഏത് ചെറിയ സീനില്‍ പോലും മമ്മൂട്ടിക്ക് സമമായാണ് അദ്ദേഹം മറ്റ് അഭിനേതാക്കളെ കാണുന്നതെന്നും കോ ആക്ടര്‍ എത്രമാത്രം ഇമ്പോര്‍ട്ടന്റ് ആണെന്ന കാര്യവും മമ്മൂട്ടിയുടെ അടുത്ത് നിന്നാണ് പഠിച്ചതെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ഥ് ഭരതന്‍.
‘മമ്മൂക്ക വലിയൊരു ജയന്റാണ്. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യമായാലും അല്ലാതെയും. മമ്മൂക്കയുടെ കൂടെ അഭിനയിച്ച എക്സ്പീരിയന്‍സെല്ലാം വളരെ നല്ലതായിരുന്നു. നമുക്ക് എപ്പോഴും ഒരു സമം തരും. ഒരു സീനില്‍ എല്ലാം നമ്മള്‍ നില്‍ക്കുമ്പോള്‍ ഇത്രയും ജൂനിയര്‍ ആയിട്ടുള്ള അഭിനേതാവിനെ പോലും തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഏത് ചെറിയ സീനില്‍ പോലും അദ്ദേഹത്തിന് സമമായാണ് നമ്മളെ മമ്മൂക്ക കാണുന്നത്.
അത് വളരെ മഹത്തായ കാര്യമാണ്. അപ്പോള്‍ നമുക്കും ഒരു കോണ്‍ഫിഡന്‍സ് വരും. ഇത്രയും വലിയൊരു താരത്തിന്റെ കൂടെ ഒപ്പത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഒരു അഭിനേതാവെന്ന നിലയില്‍ വലിയ കാര്യമാണ്. അതിനുള്ളൊരു സ്‌പേസ് തന്നത് മമ്മൂക്ക തന്നെയായിരുന്നു. നമ്മുടെ കോ ആക്ടര്‍ എത്ര ഇമ്പോര്‍ട്ടന്റ് ആണെന്ന കാര്യവും ഞാന്‍ അവിടെ നിന്നാണ് പഠിക്കുന്നത്,’ സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു.
Content highlight: Sidharth Bharathan Talks About Mammootty