ഭ്രമയുഗം; അവരോടുള്ള വിശ്വാസമാണ് രാഹുല്‍ സദാശിവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടമെടുക്കാനുള്ള കാരണം: സിദ്ധാര്‍ത്ഥ് ഭരതന്‍
Film News
ഭ്രമയുഗം; അവരോടുള്ള വിശ്വാസമാണ് രാഹുല്‍ സദാശിവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടമെടുക്കാനുള്ള കാരണം: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th February 2024, 11:30 am

വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് ലോകത്താകമാനം ശ്രദ്ധനേടാന്‍ മലയാള സിനിമക്ക് കഴിയാറുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു റിലീസായത്. ഇപ്പോള്‍ ഭ്രമയുഗത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകരാണ് മലയാള സിനിമക്കുള്ളതെന്നും അതുകൊണ്ടാണ് മലയാള സിനിമകള്‍ മറ്റുള്ള ആളുകള്‍ ശ്രദ്ധിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

നടനും സംവിധായകനുമെന്ന നിലയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു സിനിമയെടുക്കുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുക്കാനുള്ള ധൈര്യം കാണിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

പ്രേക്ഷകര്‍ അംഗീകരിക്കുന്നത് കൊണ്ടാണ് താനും രാഹുല്‍ സദാശിവനും അടക്കമുള്ള കുറേ ആളുകള്‍ ഇത്തരം വ്യത്യസ്തമായ സിനിമയുമായി വരുന്നതെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരോട് വിശ്വാസമുള്ളത് കൊണ്ടാണ് രാഹുല്‍ സദാശിവനെ പോലെയുള്ള സംവിധായകന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടമെടുക്കാനുള്ള ചിന്ത വരുന്നതെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ ഏറ്റവും ബെസ്റ്റായിട്ടുള്ള പ്രേക്ഷകരാണ് നമുക്കുള്ളത്. അതുകൊണ്ടാണ് മലയാള സിനിമ മറ്റുള്ള ആളുകള്‍ ശ്രദ്ധിക്കുന്നത്. നമ്മുടെ പ്രേക്ഷകരുടെ ശക്തിയാണ് അത്. ഈ പ്രേക്ഷകര്‍ ഇത് അംഗീകരിക്കുന്നത് കൊണ്ടാണ് ഇവിടുത്തെ ക്രിയേറ്റീവ് സൈഡിലുള്ള ഞാനും രാഹുലും ബാക്കിയുള്ള കുറേ ആളുകളും ഇത്തരം വ്യത്യസ്തമായ സിനിമയുമായി പുറത്തേക്ക് വരുന്നത്.

ഇതെല്ലാം പ്രേക്ഷകര്‍ കാരണമാണ്. അവര്‍ അതിനെ തിരിച്ചറിയുമെന്ന വിശ്വാസമുള്ളത് കൊണ്ടാണ് രാഹുല്‍ സദാശിവനെ പോലെയുള്ള സംവിധായകന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടമെടുക്കാനുള്ള ചിന്ത വരുന്നത്,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.


Content Highlight: Sidharth Bharathan Talks About Malayali Audience