മലയാളത്തിൽ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് സിദ്ധാർത്ഥ് ഭരതൻ. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വ്യത്യസ്ത സിനിമകളിലൂടെ സംവിധായകനായും സിദ്ധാർത്ഥ് സ്വീകാര്യത നേടിയിരുന്നു.
ഈയിടെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ഒരു നടൻ നിലയിൽ അഭിനയവും വളരെ ചലഞ്ചിങ് ആണെന്നായിരുന്നു സിദ്ധാർത്ഥ് അന്ന് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.
അത്രയും വലിയ നടനായ മമ്മൂട്ടിയോടൊപ്പം ആദ്യമായി ഒരു ക്യാമറയ്ക്ക് മുന്നിൽ ഒന്നിച്ചപ്പോഴുള്ള ടെൻഷനാണ് ആ ചിത്രത്തിൽ ഉള്ളതെന്നും അതുപോലെയുള്ള വലിയ സീനിയർ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ ഉള്ളിൽ ഒരു പേടി തോന്നുന്നത് സാധാരണമാണെന്നും സിദ്ധാർത്ഥ് പറയുന്നു. തനിക്ക് അങ്ങനെയൊരു പേടി തോന്നാത്ത വലിയ അഭിനേതാവ് അമ്മ കെ.പി.എ.സി ലളിതയാണെന്നും അദ്ദേഹം ജാങ്കോ സ്പേസ് ടി.വിയോട് പറഞ്ഞു.
‘നമ്മൾ പുലിയെ നാഷണൽ ജോഗ്രഫി ചാനലിൽ കണ്ടിട്ടുണ്ട് കാഴ്ചബംഗ്ലാവിൽ കണ്ടിട്ടുണ്ട്, പക്ഷേ കാട്ടിനകത്ത് ശരിക്കും കാണുമ്പോൾ ഉള്ള ഒരു അവസ്ഥയില്ലേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അത് ഭയങ്കര ചലഞ്ചിങാണ്. ഒരു സംവിധായകനിൽ നിന്ന് നടനായി മാറുന്ന അത്തരം അവസ്ഥയിൽ ചെറുതായി നമ്മളൊന്ന് ടെൻഷനാവും. കാരണം അദ്ദേഹം അത്രയും വലുതാണ്. ഒരു ക്യാമറയുടെ മുന്നിൽ രണ്ട് പേര് മാത്രം നിൽക്കുന്ന സ്പേസിലാണ് നമുക്ക് ആ ഫീൽ തോന്നുക.
ലാലേട്ടന്റെ കൂടെ സ്പിരിറ്റിൽ അഭിനയിച്ചപ്പോഴും അതേ അവസ്ഥയായിരുന്നു. ഓരോ സീൻ ചെയ്യുമ്പോഴും അങ്ങനെയായിരുന്നു. ഇത്തരം സീനിയർ താരങ്ങളുടെ കൂടെ അഭിനയിക്കുമ്പോൾ നമുക്ക് എന്തായാലും ആ ഒരു പേടി ഉള്ളിൽ ഉണ്ടാവും. അത് ശരിക്കും ഉള്ളതാണ് നല്ലത്. അതിനർത്ഥം നമ്മൾ ശരിയായ വഴിയിൽ ആണെന്നാണ്.
വേണു ചേട്ടന്റെ കൂടെ അഭിനയിച്ചപ്പോഴും നമ്മൾ എന്ന ചിത്രത്തിൽ ഇന്നച്ചന്റെ കൂടെ അഭിനയിച്ചപ്പോഴുമെല്ലാം എനിക്ക് അതേ ഫീൽ ആയിരുന്നു. എനിക്ക് അങ്ങനെ ഒരു പേടി തോന്നാത്ത ഒരു വലിയ അഭിനേതാവ് എന്റെ അമ്മ മാത്രമാണ്.