| Saturday, 4th January 2025, 2:07 pm

ഞാനും ചേച്ചിയും വരച്ച പടങ്ങളാണ് ആ സിനിമയുടെ ടൈറ്റില്‍ എഴുതിക്കാണിച്ചപ്പോള്‍ അച്ഛന്‍ ഉപയോഗിച്ചത്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഭരതന്‍. മലയാളസിനിമക്ക് ഒട്ടനവധി ക്ലാസിക്കുകള്‍ സമ്മാനിച്ച ഭരതന്റെ ഓരോ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. തന്റെ എല്ലാ സിനിമകളിലും ഒരു സിഗ്നേച്ചര്‍ ടച്ച് നിലനിര്‍ത്താന്‍ ഭരതന് സാധിച്ചിട്ടുണ്ട്. സംവിധായകന്‍ എന്നതിലുപരി നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഭരതന്‍. വൈശാലി എന്ന ചിത്രത്തിലെ ഫ്രെയിമുകള്‍ ഭരതന്‍ മുന്‍കൂട്ടി വരച്ചിട്ടുണ്ടായിരുന്നു എന്നത് സിനിമാപ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്.

അച്ഛന്റെയത്ര ഇല്ലെങ്കിലും താനും അത്യാവശ്യം വരയ്ക്കുമായിരുന്നെന്ന് പറയുകയാണ് ഭരതന്റെ മകനും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. താനും സഹോദരിയും കുട്ടിക്കാലത്ത് വരയോട് ചെറുതായി താത്പര്യം കാണിച്ചിരുന്നെന്നും അച്ഛന്‍ അതെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തന്നെക്കാള്‍ നന്നായി സഹോദരി വരക്കുമായിരുന്നെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

ജയറാമിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തില്‍ തങ്ങള്‍ വരച്ച ചിത്രങ്ങള്‍ അച്ഛന്‍ ഉപയോഗിച്ചിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. മാളൂട്ടിയുടെ ടൈറ്റില്‍ എഴുതുന്ന സമയത്ത് ഒരുപാട് ചിത്രങ്ങള്‍ കാണിക്കുമെന്നും അതെല്ലാം തങ്ങള്‍ വരച്ചതാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ആ ചിത്രങ്ങളില്‍ കാണാന്‍ ഭംഗിയുള്ളത് സഹോദരി വരച്ചതാണെന്നും അത്രക്ക് ഭംഗിയില്ലാത്തത് താന്‍ വരച്ചതാണെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.

‘കുട്ടിക്കാലത്ത് ഞാനും ചേച്ചിയും അത്യാവശ്യം നല്ല രീതിയില്‍ വരയ്ക്കുമായിരുന്നു. അച്ഛന്‍ വരയ്ക്കുന്നത് കണ്ടാണ് ഞങ്ങളും വരയിലേക്ക് കടന്നത്. ഞങ്ങള്‍ വരയ്ക്കുന്നതിനെ അച്ഛന്‍ പലപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. മാളൂട്ടി എന്ന സിനിമ കണ്ടിട്ടുള്ളവര്‍ അതിന്റെ ടൈറ്റില്‍ എഴുതി കാണിക്കുന്ന സമയത്ത് വരുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. അത് വരച്ചത് ഞാനും ചേച്ചിയുമാണ്.

ഞങ്ങള്‍ വരച്ച ചിത്രങ്ങളെല്ലാം അച്ഛന്‍ മാളൂട്ടിയില്‍ ഉപയോഗിച്ചു. അന്ന് ചെറിയ പ്രായത്തില്‍ വരച്ച പടങ്ങളാണ്. മാളൂട്ടി എന്ന സിനിമയാണെങ്കില്‍ ഒരു കൊച്ചുകുട്ടിയുടെ കഥയാണ് പറയുന്നത്. അപ്പോള്‍ അതിനനുസരിച്ചുള്ള പടങ്ങള്‍ അച്ഛന് ഞങ്ങളുടെ അടുത്തുനിന്ന് കിട്ടി. ആ പടങ്ങളില്‍ കാണാന്‍ ഭംഗിയുള്ളത് മുഴുവന്‍ വരച്ചത് ചേച്ചിയാണ്. അത്രക്ക് ഭംഗി തോന്നാത്ത പടങ്ങള്‍ വരച്ചത് ഞാനുമാണ്,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

Content Highlight: Sidharth Bharathan says director Bharathan used his drawings in Malootty movie

We use cookies to give you the best possible experience. Learn more