സീരിയല്‍ നടിയാണെന്ന് അറിയാതെയാണ് കാസ്റ്റ് ചെയ്തത്, എപ്പിസോഡിന്റെ ക്ലിപ്പ് കണ്ട് പകച്ചുപോയത് വെറുതെയല്ല: സിദ്ധാര്‍ത്ഥ് ഭരതന്‍
Entertainment news
സീരിയല്‍ നടിയാണെന്ന് അറിയാതെയാണ് കാസ്റ്റ് ചെയ്തത്, എപ്പിസോഡിന്റെ ക്ലിപ്പ് കണ്ട് പകച്ചുപോയത് വെറുതെയല്ല: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th March 2023, 10:42 am

സ്വാസികയെ പ്രധാനകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ സ്വാസികയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സ്വാസികയെ ചതുരത്തിലേക്ക് കാസ്റ്റ് ചെയ്തതിനെക്കുറിച്ച് പറയുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

സ്വാസിക സീരിയല്‍ താരമാണെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്നും വാസന്തി എന്ന അവരുടെ ചിത്രത്തിന് അവാര്‍ഡ് കിട്ടിയ സമയത്താണ് ചിത്രത്തിലേക്ക് സ്വാസികയെ തീരുമാനിച്ചിരുന്നതെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

പിന്നീട് സ്വാസിക സീരിയല്‍ താരമാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും തനിക്ക് ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും അഞ്ച് കൊല്ലമായി സീതയില്‍ അഭിനയിക്കുന്ന നടിയാണെന്ന കാര്യം അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്വാസികയെ ചതുരത്തില്‍ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത് വാസന്തി എന്ന ചിത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്താണ്. അവരുടെ കുറച്ച് ക്ലിപ്പിങ്സ് ഒക്കെ കണ്ടിരുന്നു. യങ്ങും ബ്യൂട്ടിഫുളും ആയിട്ടുള്ള ഒരു പെണ്‍കുട്ടി. അതിന് ശേഷം യൂട്യൂബില്‍ എപ്പോഴോ ബ്രൗസ് ചെയ്യുമ്പോള്‍ ‘തുടരും’ എന്നൊരു ഷോട്ട് ഫിലിം കണ്ടു. അതിലും ഈ കുട്ടി തന്നെ. കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്.

അങ്ങനെ ഇവരെ കോണ്‍ടാക്ട് ചെയ്തു. ഞങ്ങള്‍ സിനിമയെ കുറിച്ച് സംസാരിച്ചു. ബോള്‍ഡ് വേഷമാണെന്നും ഇതാണ് കഥയെന്നും പറഞ്ഞു. ഇത് കേട്ട ശേഷം ചേട്ടാ നിദ്രയിലെ പോലെയാണോ എന്ന് അവര്‍ ചോദിച്ചു. അല്ല അതുക്കും മേലെയെന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഓക്കെയാണെങ്കില്‍ നമുക്കിത് പ്രൊസീഡ് ചെയ്യാമെന്നും പറഞ്ഞു. സ്റ്റോറി ലൈന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവര്‍ അതിന് തയ്യാറായത്. അങ്ങനെ അവര്‍ ഓക്കെയായി. നടിയെ കിട്ടിയ കാര്യം ഞാന്‍ അമ്മയുടെ അടുത്ത് പറഞ്ഞു.

സ്വാസികയാണെന്ന് പറഞ്ഞപ്പോള്‍ ആ അറിയാം കുറേ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. അപ്പോഴും ഇവര്‍ ടെലിവിഷന്‍ ആക്ട്രസ് ആണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. ഞാന്‍ വിചാരിക്കുന്നത് ഏതോ സ്ട്രഗിളിങ് ആക്ട്രസ് ആണ് നമുക്ക് ഒരു ചാന്‍സ് കൊടുക്കാലോ വേറെ ആരും ഇല്ലല്ലോ അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ എന്നൊക്കെയാണ്.

അങ്ങനെ ഒരു ദിവസം സ്വാസികയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ നിന്റെ വേറെ ഏതെങ്കിലും ഷോട്ട് ഫിലിമോ വര്‍ക്കോ ഉണ്ടെങ്കില്‍ അയക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ അവള്‍ സീത സീരിയല്‍ എപ്പിസോഡിന്റെ ഒരു ക്ലിപ്പ് അയച്ചു. ഇത് കണ്ട് ഞാന്‍ ഞെട്ടി. സത്യമായും ഞെട്ടി. അയ്യോ എന്ന് തോന്നി. ടെലിവിഷന്‍ താരങ്ങള്‍ മോശമായതുകൊണ്ടല്ല പറഞ്ഞത്. ഞാന്‍ എടുക്കേണ്ട പണിയുടെ ലെവല്‍ ആലോചിച്ചാണ് ടെന്‍ഷന്‍ ആയത്.

അങ്ങനെ ഞാന്‍ വീണ്ടും അമ്മയുടെ അടുത്ത് പോയി അമ്മേ ഇവര്‍ സീരിയല്‍ ആക്ട്രസ് ആണല്ലോ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. അമ്മയ്ക്ക് ഇത് അറിയാമായിരുന്നെങ്കില്‍ പറയാമായിരുന്നില്ലേന്ന് ചോദിച്ചപ്പോള്‍ അഞ്ച് കൊല്ലമായി സീതയില്‍ അഭിനയിക്കുന്ന നടിയാണെന്നും നീ അറിയില്ലേയെന്നും ചോദിച്ചു.

സാസ്വികയുമൊത്തുള്ള ഷൂട്ട് എളുപ്പമായിരുന്നു. സീരിയല്‍ താരങ്ങളെ കുറിച്ച് പൊതുവെ പറയുന്ന കാര്യം ഓവര്‍ ആക്ടിങ് ആയിരിക്കുമെന്നാണല്ലോ. ശരിക്കും ഓവര്‍ ആക്ട് ചെയ്യുന്നവരെ ഡയറക്ട് ചെയ്യുന്നതാണ് സുഖം. ലെവല്‍ കുറച്ചാല്‍ മതിയല്ലോ.

ആക്ടിങ് ഇല്ലാത്തവരുടെ അടുത്ത് നിന്ന് കൊണ്ടുവരാനാണ് പാട്. അറിയുന്നവര്‍ തന്നെ അണ്ടര്‍ ആക്ടിങ് എന്ന് പറഞ്ഞ് നില്‍ക്കും. ചില സീനുകള്‍ ചെയ്യുമ്പോള്‍ ലെവല്‍ കുറയ്ക്കണമെന്നും ദേ… ടെലിവിഷന്‍ കേറിവന്നു എന്നുമൊക്കെ ഞാന്‍ പറയുമായിരുന്നു,” സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

content highlight: sidharth bharathan about swasika