|

പുതിയ സബ്ജക്ടുകള്‍ എഴുതാന്‍ റൈറ്റേഴ്‌സിന് പ്രചോദനം നല്‍കുന്ന സൂപ്പര്‍താരമാണ് അദ്ദേഹം: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

മമ്മൂട്ടിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ഇത്രയും ഉയരത്തില്‍ നില്‍ക്കുമ്പോഴും വ്യത്യസ്തമായ കഥകള്‍ ചെയ്യുന്നതാണ് മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. പുതിയ ജനറേഷനിലുള്ള പല എഴുത്തുകാര്‍ക്കും വ്യത്യസ്തമായ സബ്ജക്ടുകള്‍ എഴുതാന്‍ പ്രചോദനം നല്‍കുന്ന നടന്‍ മമ്മൂട്ടി മാത്രമാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

എത്ര വ്യത്യസ്തമായ സിനിമകളാണെങ്കിലും അതില്‍ പുതുമയുണ്ടെങ്കില്‍ ധൈര്യത്തോടെ മമ്മൂട്ടിയെ സമീപിക്കാന്‍ ഇപ്പോഴുള്ള യുവ എഴുത്തുകാര്‍ക്ക് സാധിക്കുമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അത്തരം റിസ്‌കെടുക്കാന്‍ പലരെയും എന്‍കറേജ് ചെയ്യിക്കാന്‍ മമ്മൂട്ടിയെപ്പോലെ വലിയൊരു താരത്തിന് സാധിക്കുന്നത് നല്ലൊരു കാര്യമാണെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.

‘മമ്മൂക്കയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ അപാരമാണ്. അതിനെപ്പറ്റി എത്ര പ്രശംസിച്ചാലും മതിയാകില്ല. സ്റ്റാര്‍ഡത്തിന്റെ കാര്യത്തിലും എക്‌സ്പീരിയന്‍സിന്റെ കാര്യത്തിലും ഇത്രയും ഉയരത്തില്‍ നില്‍ക്കുന്ന സമയത്തും വ്യത്യസ്തമായ കഥകള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂക്ക കാണിക്കുന്ന ധൈര്യം മറ്റൊരു നടനും ഉണ്ടെന്ന് തോന്നുന്നില്ല.

പുതിയതായി വരുന്ന എഴുത്തുകാരെ എന്‍കറേജ് ചെയ്യിക്കുന്നതില്‍ മമ്മൂക്ക വലിയ രീതിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ട്. എത്ര വ്യത്യസ്തമായ കഥയാണെങ്കിലും അതില്‍ പുതിയതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ചെയ്യാന്‍ മമ്മൂക്കയെപ്പോലെ ഒരു വലിയ സ്റ്റാര്‍ ഉണ്ടെന്നുള്ള കാര്യം എല്ലാവരെയും എന്‍കറേജ് ചെയ്യിക്കുന്ന ഒന്നാണ്,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാമസ്വാമി എന്ന പൊലീസ് ഓഫീസറായാണ് സിദ്ധാര്‍ത്ഥ് വേഷമിടുന്നത്. ഗൗതം വാസുദേവ് മേനോനും ബസൂക്കയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sidharth Bharathan about Mammootty’s script selection