നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ സിദ്ധാര്‍ത്ഥ് ഒരു പിടി നല്ല സിനിമകളുടെ ഭാഗമായി. അതോടൊപ്പം മികച്ച സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. സ്പിരിറ്റ് എന്ന ചിത്രത്തിലെ സമീര്‍ എന്ന കഥാപാത്രം ഇന്നും എല്ലാവരുടെയും ഉള്ളില്‍ ഒരു വിങ്ങലാണ്. സമീറിന് ശേഷം താരത്തിന് നിരവധി പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് ഭ്രമയുഗത്തിലെ വേലക്കാരന്‍.
ചിത്രത്തിന്റെ അനുഭവങ്ങള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ചു. ഭ്രമയുഗത്തില്‍ മമ്മൂട്ടി ചിക്കന്‍ കഴിക്കുന്ന സീന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായത് ആ ആര്‍ട്ടിസ്റ്റിന്റെയും സംവിധായകന്റെയും ഔട്ട്പുട്ട് കൃത്യമായി ഉപയോഗിക്കുന്നതുകൊണ്ടാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇതിന് മുമ്പ് അമരം എന്ന സിനിമയില്‍ മമ്മൂക്ക ചോറ് ഉരുളകളാക്കി കഴിക്കുന്നതും അതുപോലൊരു സീനാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
‘ഈ സിനിമയില്‍ ചിക്കന്‍ കഴിക്കുന്നതുപോലുള്ള സീനാണ് അമരത്തില്‍ ചോറ് ഉരുളകളാക്കി കഴിക്കുന്ന സീന്‍. അത് അങ്ങനെ വന്നത് ആര്‍ട്ടിസ്റ്റും ഡയറ്ക്ടറും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ കാരണമായിരിക്കാം. രണ്ട് പേരുടെയും കോണ്‍ട്രിബ്യൂഷന്‍ ആ സീനില്‍ ഉണ്ടാകും. ഇങ്ങനെ ആയാലോ എന്ന് സംവിധായകന്‍ ചോദിക്കുമ്പോള്‍ അതിലേക്ക് നടനും എന്തെങ്കിലും തന്റേതായി കോണ്‍ട്രിബ്യൂട്ട് ചെയ്യും. അവര്‍ രണ്ടുപേരും എങ്ങനെ ആ സീനിനെ സമീപിക്കുന്നുവോ അതിനനുസരിച്ചാകും ആ സീന്‍.
അമരത്തില്‍ മമ്മൂക്ക ചോറ് കഴിക്കുന്നത് കാണുമ്പോള്‍ നമുക്കും കഴിക്കാന്‍ തോന്നും. ആ സീനില്‍ അത് കാണിക്കുന്നുണ്ട്. അദ്ദേഹം കഴിക്കുന്നത് മകള്‍ നോക്കിയിരിക്കുന്നുണ്ട്. കുറേ കഴിച്ച ശേഷം മകളോട് കഴിച്ചോ എന്ന് ചോദിക്കും. വിശപ്പില്ല എന്ന് മകള്‍ പറയുമ്പോള്‍ പുള്ളിയും കഴിക്കുന്നത് നിര്‍ത്തും. കുറേ കഴിച്ച ശേഷമാണ് ഇത് ചെയ്തത് എന്ന് ഓര്‍ക്കണം. ഭ്രമയുഗത്തിലും ആ ചിക്കന്‍ സീന്‍ വര്‍ക്കായത് അങ്ങനെത്തനെനയാകും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
Content Highlight: Sidharth Bharathan about Mammootty’s food eating scene in Amaram movie