| Sunday, 22nd September 2024, 8:34 pm

ചായയും കടിയും കഴിച്ചുകൊണ്ടാണ് മമ്മൂക്ക ആ ഇമോഷണല്‍ സീന്‍ ഡബ്ബ് ചെയ്തത്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ഭ്രമയുഗത്തിലും ശക്തമായ കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്.

കുട്ടിക്കാലത്തെ സിനിമാ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ചെറുപ്പത്തില്‍ പലപ്പോഴും ഭരതന്റെ പല സിനിമാസെറ്റുകളിലും താന്‍ പോയിട്ടുണ്ടെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. ഡബ്ബിങ് സ്റ്റുഡിയോയിലം പലപ്പോഴും അച്ഛന്റെ കൂടെ പോയിട്ടുണ്ടായിരുന്നെന്നും പല നടന്മാരും നടിമാരും ഡബ്ബ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും ഭരതന്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഡബ്ബിങ് ഓര്‍ അമരത്തിന്റേതാണെന്നും ഭരതന്‍ പറഞ്ഞു.

ആ സിനിമയില്‍ മമ്മൂട്ടി ഡബ്ബിങ്ങിന് വന്നപ്പോള്‍ താനും അവിടെ ഉണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഒരു സോഫയില്‍ ഇരുന്ന് മൈക്ക് തന്റെയടുത്തേക്ക് നീട്ടിവെച്ചാണ് അദ്ദേഹം ഡബ്ബ് ചെയ്തതെന്നും മുന്നില്‍ ചായയും കടിയും വെച്ചിട്ടുണ്ടായിരുന്നെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ക്ലൈമാക്‌സിലെ ഇമോഷണല്‍ സീന്‍ ചായയും കുടിച്ച് കാഷ്വലായാണ് മമ്മൂട്ടി ഡബ്ബ് ചെയ്തതെന്നും ആ സമയത്ത് തന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു അതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുട്ടിക്കാലം മുഴുവന്‍ ചുറ്റിലും സിനിമയായിരുന്നു. അച്ഛന്റെ ഒന്നുരണ്ട് സിനിമകളുടെ സെറ്റില്‍ ഞാന്‍ പോയിട്ടുണ്ട്. അന്നൊക്കെ ഫിലംമേക്കിങ്ങിന്റെ ടെക്‌നിക് ഒന്നും അത്ര പരിചിതമല്ലായിരുന്നു. അതുപോലെ ഡബ്ബിങ് സ്റ്റുഡിയോകളിലും ഞാന്‍ അച്ഛന്റെ കൂടെ പോയിട്ടുണ്ട്. പല നടീനടന്മാരും ഡബ്ബ് ചെയ്തത് ചെറിയ ഓര്‍മയുണ്ട്.

അതില്‍ ഇന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത് അമരത്തിന്റെ ഡബ്ബിങ്ങാണ്. മമ്മൂക്ക ഡബ്ബ് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. പുള്ളി ഒരു സോഫയിലിരുന്ന് ആ മൈക്ക് പുള്ളിയുടെ അടുത്തേക്ക് നീട്ടിവെച്ചാണ് ഡബ്ബ് ചെയ്തത്. മുന്നില്‍ ഒരു ചെറിയ ടേബിളില്‍ ചായയും കടിയുമുണ്ടായിരുന്നു. വളരെയധികം ഇമോഷണലായ സീനാണ് ഡബ്ബ് ചെയ്തത്. ആ ക്ലൈമാക്‌സ് സീന്‍ ചായയും കുടിച്ച് കാഷ്വലായാണ് അദ്ദേഹം ചെയ്തത്. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാഴ്ചയാണ് അത്,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Content Highlight: Sidharth Bharathan about Mammootty and Amaram movie

We use cookies to give you the best possible experience. Learn more