കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചിരുന്നു.
ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായ ഭ്രമയുഗത്തിൽ മികച്ച കഥാപാത്രത്തെ സിദ്ധാർത്ഥ് അവതരിപ്പിച്ചിരുന്നു. രാഹുൽ സദാശിവനൊപ്പം വർക്ക് ചെയ്യാൻ തനിക്ക് വലിയ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സിദ്ധാർത്ഥ്. സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ആംഗിൾ തന്നെ വലിയ രീതിയിൽ ആകർഷിച്ചിരുന്നുവെന്നും ടെക്ക് സൈഡിൽ തനിക്കുള്ള അറിവ് വളർത്താൻ സഹായിച്ച സിനിമയാണ് ഭ്രമയുഗമെന്നും അദ്ദേഹം പറഞ്ഞു. വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുൽ സദാശിവനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് നല്ല എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. കാരണം പുള്ളി എന്റെ അടുത്ത് കഥ പറയുമ്പോൾ തന്നെ അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ആംഗിളിനെ കുറിച്ചൊക്കെ സൂചിപ്പിച്ചിരുന്നു. എന്നെ വല്ലാതെ അട്രാക്റ്റ് ചെയ്തതും അതായിരുന്നു. എങ്ങനെയാണ് അത് ഷൂട്ട് ചെയ്യുകയെന്നറിയാൻ കൗതുകമുണ്ടായിരുന്നു.
ടെക്ക് സൈഡിൽ എനിക്കുള്ള അറിവ് വളർത്താൻ സഹായിച്ച സിനിമയായിരുന്നു അത്. അതിന് ശേഷം രാഹുൽ എനിക്ക് സ്ക്രിപ്റ്റ് തന്നിരുന്നു. ആദ്യം ഒന്ന് രണ്ട് വാക്കുകൾ കൊണ്ട് വിവരിക്കുകയായിരുന്നു. പിന്നെയാണ് ആ ലോകത്തെ കുറിച്ച് പറയുന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഇത് കുറെയുണ്ടല്ലോ എന്നെനിക്ക് മനസിലായത്.
ഇത് മെയിൻ സാധനമാണല്ലോ, ഞാൻ ചെയ്താൽ നന്നാവുമോയെന്ന് ചോദിച്ചു. താൻ ഏകദേശം ഇതിന് പെർഫെക്റ്റ് ആണെന്നാണ് കരുതുന്നതെന്ന് രാഹുൽ പറഞ്ഞു. ലുക്ക് ടെസ്റ്റ് ഒക്കെ ചെയ്തപ്പോഴും ഞാൻ വലിയ ആകാംക്ഷയിലായിരുന്നു. കാരണം അതിൽ കുറെ ചെയ്യാനുണ്ട്. സിനിമയിൽ കണ്ട കാര്യങ്ങളൊക്കെ സ്ക്രിപ്റ്റിലും ഉണ്ടായിരുന്നു,’സിദ്ധാർത്ഥ് ഭരതൻ പറയുന്നു.
Content Highlight: Sidharth Bharathan About Making Of Bramayugham Movie