ആ മമ്മൂക്ക ചിത്രത്തിൽ അമ്മയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു: സിദ്ധാർത്ഥ് ഭരതൻ
Entertainment
ആ മമ്മൂക്ക ചിത്രത്തിൽ അമ്മയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു: സിദ്ധാർത്ഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 3:31 pm

പകരം വെക്കാനില്ലാത്ത നടിയാണ് കെ.പി.എ.സി ലളിത. നാടക വേദികളിൽ നിന്ന് സിനിമയിലെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു. സത്യൻ അന്തിക്കാട്, കമൽ, ഭരതൻ തുടങ്ങിയ സംവിധായകരുടെ സിനിമയിൽ സ്ഥിര സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത.

മലയാളത്തിൽ മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിലായിരുന്നു കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്. അമൽ നീരദ് സംവിധാനം ചെയ്ത സിനിമയിൽ ഒരു വേറിട്ട കഥാപാത്രത്തെയായിരുന്നു കെ.പി.എ.സി ലളിത അവതരിപ്പിച്ചത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ കെ.പി.എ.സി ലളിത വളരെ വീക്കായിരുന്നുവെന്ന് പറയുകയാണ് മകനും സിനിമ പ്രവർത്തകനുമായ സിദ്ധാർത്ഥ് ഭരതൻ.

ആ അവസ്ഥയിൽ സിനിമയിൽ അഭിനയിക്കേണ്ടെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഒടുവിൽ അമൽ നീരദിനോട് അമ്മയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞെന്നും സിദ്ധാർത്ഥ് പറഞ്ഞു. ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു കെ.പി.എ.സി ലളിതക്കെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

‘ഭീഷ്മ പർവ്വത്തിൽ അഭിനയിക്കുമ്പോൾ അമ്മ വളരെ വീക്കായിരുന്നു. മലയാളത്തിൽ അമ്മയുടെ അവസാന ചിത്രമായിരുന്നു ഭീഷ്മപർവ്വം. അതിൽ അഭിനയിക്കാൻ ഒട്ടും വയ്യായിരുന്നു. അതിൽ അഭിനയിക്കാൻ പോവുമ്പോൾ ഞാൻ പറഞ്ഞിരുന്നു, എന്തിനാണ് പോകുന്നത് ഇപ്പോൾ പോകണ്ടയെന്നൊക്കെ.

 

ഞാൻ അമലേട്ടനോടൊക്കെ ഒരുപാട് സംസാരിച്ചിരുന്നു. അമ്മയ്ക്ക് കുറച്ച് വയ്യാത്തതാണ് അമലേട്ടാ , ഒന്ന് നോക്കി ഡീൽ ചെയ്യണമെന്ന് ഞാൻ പറഞ്ഞു. കാരണം ആൾക്ക് പഴയ പവറില്ലായിരുന്നു. അത് നമുക്ക് നോക്കാമെന്നൊക്കെ അദ്ദേഹം പറഞ്ഞു. അതിൽ അഭിനയിക്കാൻ കഴിഞ്ഞപ്പോഴുള്ള അമ്മയുടെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയും ഹാപ്പിയായിരുന്നു,’സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലം തൊട്ട് സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് കെ.പി.എ.സി ലളിത. നാലുവട്ടം സംസ്ഥാന അവാർഡ് നേടിയ കെ.പി.എ.സി ലളിത രണ്ടുവട്ടം മികച്ച സഹനടിക്കുള്ള നാഷണൽ അവാർഡും നേടിയിട്ടുണ്ട്.

Content Highlight: Sidharth Bharathan About Kpac Lalith’s Casting in Bheeshmaparvam Movie