നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കെ.പി.എ.സി ലളിത. നടിയുടെ വിയോഗം അങ്ങേയറ്റം ദുഖത്തോടെയാണ് മലയാളികള്‍ ഒന്നടങ്കം കേട്ടത്.
ഇപ്പോഴിതാ അമ്മ താന്‍ കണ്ടതില്‍ ഏറ്റവും ബോള്‍ഡായ, കൂളായ വ്യക്തിയായിരുന്നു എന്ന് പറയുകയാണ് നടനും, സംവിധായകനുമായ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍.
താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ചതുരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.
‘ഞാന്‍ കണ്ടതില്‍ ഏറ്റവും ബോള്‍ഡായ സ്ത്രീയാണ് എന്റെ അമ്മ. അമ്മയുടെ ആറ്റിറ്റൂഡും കാര്യങ്ങളെ കാണുന്ന രീതിയൊക്കെ എപ്പോഴും കൂളാണ്. എല്ലാ അമ്മമ്മാരെ പോലെ വഴക്ക് പറയുമെങ്കിലും, നമ്മള്‍ ഒരു മോശം അവസ്ഥയിലാണ് ഇരിക്കുന്നതെങ്കില്‍ വ്യത്യസ്തമായ രീതിയിലാണ് അമ്മ അപ്രോച് ചെയ്യുക. നമ്മളുടെ കൂടെയിരുന്ന് സമാധാനിപ്പിക്കും,’ സിദ്ധാര്‍ത്ഥ് പറയുന്നു.
തനിക്ക് അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ടായ അനുഭവവും സിദ്ധാര്‍ത്ഥ് പങ്കുവെക്കുന്നുണ്ട്. ചെറിയ അപകടമാണ് സംവിച്ചതെന്ന് കരുതിയെന്നും ബോധം വന്ന ശേഷം രണ്ട് ദിവസം ആയി അപകടം നടന്നിട്ട് എന്ന് അറിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
പക്ഷെ അമ്മ തന്നെ ആദ്യം ഐ.സി.യുവില്‍ എത്തി കാണുമ്പോള്‍ കുഴമില്ല എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു എന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അമ്മ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ താന്‍ അമ്മയെ കാണാന്‍ പോയപ്പോഴുള്ള അനുഭവവും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്.
‘അന്ന് ഞാന്‍ ഇമോഷണലി വളരെ മോശം അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ കരയാന്‍ ഒക്കെ തുടങ്ങിയപ്പോള്‍ കരയരുത് എന്ന് അമ്മ പറഞ്ഞു,’ സിദ്ധാര്‍ത്ഥ് പറയുന്നു.
അതേസമയം സ്വാസികറോഷന്‍ മാത്യു എന്നിവരാണ് ചതുരത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഈ മാസം റിലീസിനെത്തും.