സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചതുരം തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. ഇറോട്ടിക് ത്രില്ലര്‍ ജോണറില്‍ എത്തിയ ചിത്രം വളരെ ശക്തമായ ഒരു പ്രമേയം കൂടിയാണ് കൈകാര്യം ചെയ്യുന്നത്. സ്വാസികയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, ഗീതി സംഗീത, റോഷന്‍ മാത്യു, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണ സമയത്തെ ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കട്ട് പറഞ്ഞ ശേഷവും കഥാപാത്രത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതിരുന്ന ചിലരെ കുറിച്ചാണ് സിദ്ധാര്‍ത്ഥ് സംസാരിക്കുന്നത്.
കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ വരുന്ന ചില അവസ്ഥകള്‍ പലര്‍ക്കും ഉണ്ടായിരുന്നെന്നും ചില ഊള കോമഡികളൊക്കെ പറഞ്ഞായിരുന്നു താന്‍ സീന്‍ കൂളാക്കുന്നതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തില്‍ ഗീതി സംഗീത ചെയ്യുന്ന കഥാപാത്രത്തെ സ്വാസികയുടെ കഥാപാത്രം അംഗീകരിക്കുന്ന ഒരു സീനുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സീനാണ്. ഫ്രൈഡ് റൈസോ മറ്റോ ആണ് കൊണ്ടുവെച്ചത്. ഗീതിയുടെ കണ്ണുനനയുന്ന ഒരു സീനാണ്.
പുള്ളിക്കാരി ആ സീന്‍ നന്നായി ചെയ്തു. പക്ഷേ പിന്നെ കരച്ചില്‍ നില്‍ക്കുന്നില്ല. കട്ട് പറഞ്ഞിട്ടും കരച്ചില്‍ തന്നെയാണ്. ഒടുവില്‍ ഞാന്‍ പോയിട്ട് ‘ഫ്രൈഡ് റൈസ് അത്ര മോശാണോ’ എന്ന് ചോദിച്ചു (ചിരി). അതില്‍ നില്‍ക്കും പരിപാടി. അതിനെ ഒന്ന് ബ്രേക്ക് ചെയ്യണല്ലോ. എല്ലാവരുടെ അടുത്തും ഇത് തന്നെയാണ് പ്രയോഗിക്കുന്നത്, സിദ്ധാര്‍ത്ഥ് പറയുന്നു.
ചില അബ്യൂസീവ് സീനുകള്‍ സിനിമയിലുണ്ട്. അത് ചെയ്യുമ്പോള്‍ ഇമോഷണലി ബുദ്ധിമുട്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. ഒരു സീനില്‍ സ്വാസിക ശരിക്കും പേടിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.