| Thursday, 3rd November 2022, 4:19 pm

സീരിയല്‍ താരമാണെന്ന് അറിയാതെയാണ് സ്വാസികയെ കാസ്റ്റ് ചെയ്തത്; പിന്നീട് സീത സീരിയലിന്റെ ക്ലിപ്പ് അയച്ചുതന്നപ്പോള്‍ പകച്ചുപോയി: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന ഇറോട്ടിക് ജോണറിലുള്ള ചിത്രമാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആണിന്റേയും പെണ്ണിന്റേയും പ്രശ്‌നങ്ങള്‍ പറയുന്ന ചിത്രമാണ് ചതുരമെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. പലതരത്തിലുള്ള ക്രൈമുകള്‍ പെരുകുന്ന കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രമേയമാണ് ചതുരത്തിന്റേതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. നടി സ്വാസികയാണ് ചതുരത്തിലെ നായിക. വളരെ ബോള്‍ഡായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ താരം എത്തുന്നത്. സ്വാസികയെ നായികയാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ്.

‘സ്വാസികയെ ഈ ചിത്രത്തില്‍ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത് വാസന്തി എന്ന ചിത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്താണ്. അവരുടെ കുറച്ച് ക്ലിപ്പിങ്‌സ് ഒക്കെ കണ്ടിരുന്നു. യങ്ങും ബ്യൂട്ടിഫുളും ആയിട്ടുള്ള ഒരു പെണ്‍കുട്ടി. അതിന് ശേഷം യൂട്യൂബില്‍ എപ്പോഴോ ബ്രൗസ് ചെയ്യുമ്പോള്‍ ‘തുടരും’ എന്നൊരു ഷോട്ട് ഫിലിം കണ്ടു. അതിലും ഈ കുട്ടി തന്നെ. കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്.

അങ്ങനെ ഇവരെ കോണ്‍ടാക്ട് ചെയ്തു. അവര്‍ വന്നു. ഞങ്ങള്‍ സിനിമയെ കുറിച്ച് സംസാരിച്ചു. ബോള്‍ഡ് വേഷമാണെന്നും ഇതാണ് കഥയെന്നും പറഞ്ഞു. ഇത് കേട്ട ശേഷം ചേട്ടാ നിദ്രയിലെ പോലെയാണോ എന്ന് അവര്‍ ചോദിച്ചു. അല്ല അതുക്കും മേലെയെന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഓക്കെയാണെങ്കില്‍ നമുക്കിത് പ്രൊസീഡ് ചെയ്യാമെന്നും പറഞ്ഞു. സ്റ്റോറി ലൈന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവര്‍ അതിന് തയ്യാറായത്. അല്ലാതെ ഈ ഇമേജ് അവര്‍ക്ക് ബ്രേക്ക് ചെയ്യേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ അവര്‍ ഓക്കെയായി. അങ്ങനെ നടിയെ കിട്ടിയ കാര്യം ഞാന്‍ അമ്മയുടെ അടുത്ത് പറഞ്ഞു.

സ്വാസികയാണെന്ന് പറഞ്ഞപ്പോള്‍ ആ അറിയാം കുറേ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. അപ്പോഴും ഇവര്‍ ടെലിവിഷന്‍ ആക്ട്രസ് ആണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. ഞാന്‍ വിചാരിക്കുന്നത് ഏതോ സ്ട്രഗിളിങ് ആക്ട്രസ് ആണ് നമുക്ക് ഒരു ചാന്‍സ് കൊടുക്കാലോ വേറെ ആരും ഇല്ലല്ലോ അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ എന്നൊക്കെയാണ് (ചിരി).

അങ്ങനെ ഒരു ദിവസം സ്വാസികയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ നിന്റെ വേറെ ഏതെങ്കിലും ഷോട്ട് ഫിലിമോ വര്‍ക്കോ ഉണ്ടെങ്കില്‍ അയക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ അവള്‍ സീത സീരിയല്‍ എപ്പിസോഡിന്റെ ഒരു ക്ലിപ്പ് അയച്ചു. ഇത് കണ്ട് ഞാന്‍ ഞെട്ടി. സത്യമായും ഞെട്ടി. അയ്യോ എന്ന് തോന്നി. ടെലിവിഷന്‍ താരങ്ങള്‍ മോശമായതുകൊണ്ടല്ല പറഞ്ഞത്. ഞാന്‍ എടുക്കേണ്ട പണിയുടെ ലെവല്‍ ആലോചിച്ചാണ് ടെന്‍ഷന്‍ ആയത്.

അങ്ങനെ ഞാന്‍ വീണ്ടും അമ്മയുടെ അടുത്ത് പോയി അമ്മേ ഇവര്‍ സീരിയല്‍ ആക്ട്രസ് ആണല്ലോ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. അമ്മയ്ക്ക് ഇത് അറിയാമായിരുന്നെങ്കില്‍ പറയാമായിരുന്നില്ലേന്ന് ചോദിച്ചപ്പോള്‍ അഞ്ച് കൊല്ലമായി സീതയില്‍ അഭിനയിക്കുന്ന നടിയാണെന്നും നീ അറിയില്ലേയെന്നും ചോദിച്ചു. സാസ്വികയുമൊത്തുള്ള ഷൂട്ട് എളുപ്പമായിരുന്നു.

സീരിയല്‍ താരങ്ങളെ കുറിച്ച് പൊതുവെ പറയുന്ന കാര്യം ഓവര്‍ ആക്ടിങ് ആയിരിക്കുമെന്നാണല്ലോ. ശരിക്കും ഓവര്‍ ആക്ട് ചെയ്യുന്നവരെ ഡയരക്ട് ചെയ്യുന്നതാണ് സുഖം. ലെവല്‍ കുറച്ചാല്‍ മതിയല്ലോ.

ആക്ടിങ് ഇല്ലാത്തവരുടെ അടുത്ത് നിന്ന് കൊണ്ടുവരാനാണ് പാട്. അറിയുന്നവര്‍ തന്നെ അണ്ടര്‍ ആക്ടിങ് എന്ന് പറഞ്ഞ് നില്‍ക്കും. സാസ്വികയ്‌ക്കൊപ്പമുള്ള ഷൂട്ട് എളുപ്പമായിരുന്നു. ചില സീനുകള്‍ ചെയ്യുമ്പോള്‍ ലെവല്‍ കുറയ്ക്കണമെന്നും ദേ ടെലിവിഷന്‍ കേറിവന്നു എന്നുമൊക്കെ ഞാന്‍ പറയുമായിരുന്നു (ചിരി), സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Sidharth Bharathan about Chathuram Movie and swasika casting

We use cookies to give you the best possible experience. Learn more