|

കൂടത്തായി കൊലപാതകമാണ് ചതുരത്തിലേക്ക് സ്വാധീനിച്ചത്, ചിത്രത്തിലെ ആ സീന്‍ അവരുടെ ജീവിതത്തില്‍ നിന്നും എടുത്തതാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസിക ലീഡ് റോളില്‍ എത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രമാണ് ചതുരം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തിലേക്ക് എത്തി ചേരുന്നതിലേക്ക് തന്നെ സ്വാധീനിച്ച കാര്യത്തെക്കുറിച്ച് പറയുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

കൂടത്തായി കൊലപാതകക്കേസിലെ പ്രതിയായ ജോളിയുടെ ജീവിതമാണ് ചതുരം സിനിമ ചെയ്യാന്‍ തന്നെ സ്വാധീനിച്ചതെന്നും അവരുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ സിനിമയിലെ സീനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. യു.ബി.എല്‍ എച്ച്.ഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ഇക്കാര്യം പറഞ്ഞത്.

”പ്രായം ചെന്ന ഒരു വ്യക്തി ആയാളേക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ആ കുട്ടിയെ ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കുകയും അതില്‍ നിന്നും അവള്‍ പുറത്ത് വരുന്നതുമൊക്കെയാണ് ചതുരം.

അങ്ങനെ ഒരു വിഷയം ഞാന്‍ എടുത്തിരിക്കുന്നത് സമൂഹത്തില്‍ നിന്നുമാണ്. എന്നിട്ടാണ് സിനിമയിലേക്ക് വരുന്നത്. ഈ അടുത്ത് ചര്‍ച്ചയായ ഒരു സ്ത്രീയുടെ ജീവിതം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. കൂടത്തായി കൊലപാതകമാണ് ചതുരത്തിലേക്ക് സ്വാധീനിച്ചത്.

ചതുരത്തില്‍ ഒരു സീക്വന്‍സ് തന്നെയുണ്ട് അവരുടെ ലൈഫില്‍ നിന്നുമെടുത്തത്. സിനിമക്ക് വേണ്ട സ്‌റ്റോറി ലൈന്‍ എന്റെ കയ്യില്‍ ആദ്യമേ ഉണ്ടായിരുന്നു. സീന്‍സ് എടുക്കുമ്പോള്‍ അതിലേക്ക് പല കാര്യങ്ങളും ഉള്‍പ്പെടുത്തും, അതില്‍ ഒന്നാണ് ഇത്.

ആ സീക്വന്‍സ് ഏതാണെന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ അത്തരം ഒരു സീക്വന്‍സ് അവരുടെ ജീവിതത്തില്‍ നിന്നും എടുത്തതാണ്. ഇതിനേക്കുറിച്ച് സ്വാസികക്ക് പോലും അറിയില്ല,” സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

content highlight: sidharth bharathan about chathuram movie