| Wednesday, 4th December 2024, 11:22 am

ആ ഹൊറർ ചിത്രത്തിന്റെ റീമേക്ക് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, പക്ഷെ മാക്ട സംഘടന പിളർന്നപ്പോൾ അത് മുടങ്ങി: സിദ്ധാർത്ഥ് ഭരതൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചിരുന്നു.

എന്നാൽ താൻ ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചത് ഭാർഗവീനിലയത്തിന്റെ റീമേക്ക് ആയിരുന്നുവെന്നും മലയാള സിനിമയിലെ ടെക്‌നീഷ്യൻസിന്റെ അസോസിയേഷനായ മാക്ടക്ക് വേണ്ടിയായിരുന്നു ആ സിനിമ പ്ലാൻ ചെയ്തതെന്നും സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

സംവിധായകൻ പ്രിയദർശനായിരുന്നു തന്നോട് സിനിമ ചെയ്യാൻ പറഞ്ഞതെന്നും സ്ക്രിപ്റ്റ് വർക്ക് കഴിഞ്ഞ് താൻ മോഹൻലാലിനോട് കഥ പറഞ്ഞിരുന്നുവെന്നും സിദ്ധാർത്ഥ് ഭരതൻ പറയുന്നു. എന്നാൽ ആ സമയത്താണ് മാക്ട സംഘടന പിളരുന്നതെന്നും ഒടുവിൽ ആ സിനിമ മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വണ്ടർ വാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാക്ട ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഭാർഗവീനിലയത്തിന്റെ റീമേക്ക് ആയിരുന്നുവത്. കുറച്ചുപേരെ വെച്ച് അതിന് ശ്രമിച്ചിരുന്നു. സംവിധായകൻ വിനയൻ സാറാണ് എന്നെ വിളിച്ചത്. അതിന് മുമ്പ് പ്രിയൻ സാറാണ് എന്നോട് പറയുന്നത് ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ട്. ആദ്യത്തെ സിനിമയായി നീയത് ചെയ്യണമെന്ന്.

ഒരു ലൗ സ്റ്റോറിയൊക്കെയാണ്, നിനക്കത് ചെയ്യാൻ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ സിദ്ധിഖ് സാറായിരുന്നു എന്റെ കൂടെ സ്ക്രിപ്റ്റ് അസിസ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നത്. അന്നദ്ദേഹം ചെന്നൈയിൽ ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ചെന്നൈയിൽ ഒരു ഒന്നര മാസത്തോളം നിന്ന് അതിനുവേണ്ടി വർക്ക് ചെയ്തു.

ഇവിടെ വന്ന് വിനയൻ സാറിനോടൊക്കെ പറഞ്ഞു. അദ്ദേഹത്തിന് അത് ഓക്കെയായിരുന്നു. ശേഷം ഞാൻ ലാലേട്ടനെ കാണാൻ പോയി. അദ്ദേഹം ബി.ഉണ്ണികൃഷ്ണൻ സാറിന്റെ മാടമ്പി എന്ന പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ സെറ്റിൽ പോയി പുള്ളിയോട് കാര്യം പറഞ്ഞപ്പോൾ, അദ്ദേഹം നമുക്കിത് നോക്കാമെന്നും കൊള്ളാമെന്നുമൊക്കെ പറഞ്ഞു. അങ്ങനെ എല്ലാം സെറ്റായി ഇരിക്കുമ്പോഴാണ് മാക്ട സ്പ്ലിറ്റ് ആവുന്നത്. അതോടെ ആ സിനിമ മുടങ്ങിപോയി,’സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

Content Highlight: Sidharth Bharathan About A dropped  Movie With Mohanlal

We use cookies to give you the best possible experience. Learn more