അന്ന് സംഘടന പിളർന്നപ്പോൾ മുടങ്ങിയ ചിത്രമാണ് ഭാർഗവീനിലയത്തിൻ്റെ റീമേക്കായ നീലവെളിച്ചം: സിദ്ധാർത്ഥ് ഭരതൻ
Entertainment
അന്ന് സംഘടന പിളർന്നപ്പോൾ മുടങ്ങിയ ചിത്രമാണ് ഭാർഗവീനിലയത്തിൻ്റെ റീമേക്കായ നീലവെളിച്ചം: സിദ്ധാർത്ഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd March 2024, 8:19 pm

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സിദ്ധാർത്ഥ് ഭരതൻ. ശേഷം ഒരുപാട് സിനിമകളുടെ ഭാഗമായ സിദ്ധാർത്ഥ് ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ജിന്ന് തുടങ്ങിയ സിനിമളിലൂടെ സംവിധായകനായി തിളങ്ങിയ സിദ്ധാർത്ഥ് തന്റെ അഭിനയത്തിലൂടെ കയ്യടി നേടുകയാണിപ്പോൾ.

ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രം പൂർണ്ണമായി ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷത്തിലാണ് സിദ്ധാർത്ഥ് അഭിനയിച്ചത്.

എന്നാൽ തന്റെ ഇഷ്ടമേഖല സംവിധാനമാണെന്നും അഭിനയത്തിലൂടെ സംവിധാനത്തിലേക്ക് കടക്കണമെന്നത് കൊണ്ടാണ് കരിയർ അങ്ങനെ തുടങ്ങിയതെന്നും താരം പറയുന്നു. തന്റെ സിനിമകളെ കുറിച്ചും മുടങ്ങി പോയ ചിത്രങ്ങളെ കുറിച്ചും സിദ്ധാർത്ഥ് സംസാരിച്ചു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു താരം.

‘സംവിധാനമായിരുന്നു ഇഷ്ടമേഖല. ‘നമ്മൾ’ സിനിമയ്ക്കുശേഷം കുറച്ച് സിനിമകളിൽ കൂടി അഭിനയിച്ച്, സിനിമാസംവിധാനത്തിലേക്ക് കടക്കണമെന്നായിരുന്നു ആഗ്രഹം. നല്ലവേഷങ്ങൾ കിട്ടാതായപ്പോൾ സംവിധാനത്തിൽ മാത്രം ശ്രദ്ധിച്ചു.

രണ്ടുമൂന്നു വർഷം ഞാൻ പ്രിയൻസാറിൻ്റെ (പ്രിയദർശൻ)സഹസംവിധായകനായിരുന്നു . ശേഷം മാക്ട സംഘടന (മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ) നിർമിക്കുന്ന ഭാർഗവീനിലയത്തിൻ്റെ റീമേക്കായ ‘നീലവെളിച്ചത്തി’ന്റെ പിന്നണിയിൽ പ്രവർത്തിച്ചു. പക്ഷേ, സംഘടന പിളർന്നതിനാൽ ആ പ്രോജക്ട് അവസാനിപ്പിക്കേണ്ടിവന്നു. ശേഷം സ്വന്തമായി പ്രൊഡക്‌ഷൻ ടീമിനെ കണ്ടുപിടിച്ച് സംവിധാനം ചെയ്‌തതാണ് ‘നിദ്ര’. ബോക്സ് ഓഫീസിൽ നിദ്ര വലിയ ചലനമുണ്ടാക്കിയില്ല.

പിന്നീട് ‘ചന്ദ്രേട്ടൻ എവിടെയാ’ ചെയ്തു. 2015-ൽ വാഹനാപകടത്തിൽപ്പെട്ടു. തിരിച്ചുവരാൻ ഏകദേശം ഒരുവർഷമെടുത്തു. പിന്നീട് വർണ്യത്തിൽ ആശങ്ക, ജിന്ന്, ചതുരം അങ്ങനെയങ്ങനെ… ഇപ്പോൾ ഭ്രമയുഗവും. എന്നെ സംബന്ധിച്ച് എല്ലാം കൃത്യമായിരുന്നു. സമയം പാഴാക്കിക്കളഞ്ഞിട്ടില്ല,’ സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

Content Highlight: Sidharth Bharatahan Talk About His Films