|

പത്താന്‍ വാറിന്റെ രണ്ടാം ഭാഗമാക്കണമെന്ന് നിര്‍മാതാവ് പറഞ്ഞു, എന്നാല്‍ എനിക്ക് ഷാരൂഖിനെ തന്നെ വേണമായിരുന്നു: സിദ്ധാര്‍ത്ഥ് ആനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താന്‍ ഹൃത്വിക് റോഷന്‍ ചിത്രം വാര്‍ ടു ആക്കിയാലോയെന്ന് നിര്‍മാതാവ് തന്നോട് ചോദിച്ചിരുന്നുവെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്. ചിത്രത്തിന്റെ കഥയെഴുതുന്ന സമയത്താണ് ഷാരൂഖ് ഒരു തിരിച്ചുവരവിന് നോക്കുകയാണെന്ന് അറിഞ്ഞതെന്നും അതിന് ശേഷം ഈ സിനിമയില്‍ അദ്ദേഹത്തെ നായകനായി വേണമെന്ന് തോന്നിയതായും സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഇക്കാര്യം നിര്‍മാതാവായ ആദിത്യ ചോപ്രയോട് പറഞ്ഞപ്പോള്‍ വാര്‍ ടു ആക്കിയാലോ എന്ന് അദ്ദേഹം പറഞ്ഞുവെന്നും എന്നാല്‍ താന്‍ അപ്പോള്‍ തന്നെ നോ പറഞ്ഞുവെന്നും ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘വാറിന് ശേഷം ഒരു കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഷാരൂഖ് ഖാന്‍ ഒരു ബ്രേക്കിന് നോക്കുകയാണെന്ന് അറിഞ്ഞത്. ഇടവേളക്ക് ശേഷം അദ്ദേഹത്തിന് ശക്തമായ ഒരു സിനിമ വേണമായിരുന്നു. അതിന് ശേഷം ഒരു ദിവസം അപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന സിനിമയില്‍ ഷാരൂഖ് വേണമെന്ന് ഞാന്‍ ആദിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള സിനിമയാണോ എന്ന് ആദി ചോദിച്ചു. അതേയെന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ അദ്ദേഹം ഒന്ന് സംശയിച്ച് നില്‍ക്കുകയായിരുന്നു. വാര്‍ നന്നായി വര്‍ക്കായിരുന്നല്ലോ, നമുക്കിത് വാര്‍ ടു ആക്കാമെന്ന് ആദി പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ നോ പറഞ്ഞു. എനിക്ക് അത് പത്താന്‍ എന്ന ചിത്രമായി തന്നെ വേണമായിരുന്നു. പത്താന്‍ എന്ന് പറഞ്ഞ് തന്നെയാണ് ഞാന്‍ ആ കഥാപാത്രത്തെ എഴുതിയത്. എന്റെ മനസിലെ പത്താന്‍ എപ്പോഴും ഷാരൂഖ് തന്നെയായിരുന്നു,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖ് പത്താനിലൂടെ തിരിച്ചുവന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയിലെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമാണ് വില്ലനായത്. സല്‍മാന്‍ ഖാന്റെ കാമിയോ റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: sidharth anand about pathaan and war