| Monday, 25th December 2023, 11:51 pm

ഇവനൊക്കെ ശവമടക്കിനും കൂളിങ് ഗ്ലാസും വെച്ചേ വരൂ, ആ വീഡിയോക്ക് വന്ന കമന്റാണത്: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ തന്നെ പേടിപ്പിക്കാറുണ്ടെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ശവസംസ്‌കാരത്തിന് പോയാലും തന്റെ ചിത്രമെടുക്കാന്‍ ധാരാളം ഫോട്ടോഗ്രാഫേഴ്‌സുണ്ടാകുമെന്നും അത് പിന്നീട് വീഡിയോയായി വരുമ്പോള്‍ കാണുന്ന കമന്റുകള്‍ വലിയ പ്രശ്‌നമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സോഷ്യല്‍ മീഡിയ എന്നെ പേടിപ്പിക്കാറുണ്ട്. ഇന്ന് ഞാനൊരു ശവസംസ്‌കാരത്തിന് പോയാലും ചുറ്റും ഫോട്ടോ എടുക്കാന്‍ ആളുണ്ടാവും. അടക്ക് കഴിഞ്ഞ് ഞാന്‍ കരയുന്നുണ്ടാവും, അത് പുറത്ത് കാണാതിരിക്കാന്‍ ഞാന്‍ സണ്‍ഗ്ലാസ് വെക്കും, എനിക്ക് ചുറ്റും 50 ഫോട്ടോഗ്രാഫേഴ്‌സെങ്കിലുമുണ്ടാവും.

ആ വീഡിയോക്ക് സങ്കടകരമായ വയലിന്‍ മ്യൂസിക് ചേര്‍ത്ത് യൂട്യൂബിലിടും. അതൊന്നുമല്ല പ്രശ്‌നം. യഥാര്‍ത്ഥ പ്രശ്‌നം വരുന്നത് കമന്റുകളിലാണ്. ഈ റാസ്‌ക്കലിനെ നോക്കൂ, അവന്‍ കൂളിങ് ഗ്ലാസും വെച്ചുകൊണ്ടാണ് ഒരു അടക്കിന് വരുന്നത് എന്ന് കമന്റ് ചെയ്യും. ഞാന്‍ എവിടെയാണ് പോയത്, പുറത്ത് വരുന്ന ന്യൂസ് എന്താണ്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

എവിടെ പോയാലും ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുന്നത് തന്റെ ജോലി അല്ലെന്നും ഫോട്ടോ എടുക്കുന്നതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. എല്ലാത്തിനും പരിധിയുണ്ടെന്നും അത് മറികടക്കരുതെന്നും ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘എയര്‍പോര്‍ട്ടില്‍ പോയാല്‍ അവിടെ വന്നും ഫോട്ടോ എടുക്കും. എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് കാണണ്ട. അതെന്റെ ജോലിയല്ല. എയര്‍പോര്‍ട്ടില്‍ ആളുകള്‍ എന്നെ വന്ന് കണ്ടതുകൊണ്ട് എനിക്ക് ഒരു രൂപ കൂടുതലൊന്നും കിട്ടുന്നില്ല. എന്റെ എയര്‍പോര്‍ട്ടിലെ ഒരു ഫോട്ടോ പുറത്തുവരുന്നതുകൊണ്ട് ഒരു ആരാധകനും പ്രത്യേകിച്ച് സന്തോഷം ഉണ്ടാവുന്നില്ല. മാത്രവുമല്ല എന്റെ അനുവാദം വാങ്ങണം. എനിക്ക് ഫോട്ടോ എടുക്കുന്നതില്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കണം.

നിങ്ങള്‍ ഒരു ആക്ടറാണ്, എവിടെയാണെങ്കിലും ഫോട്ടോയെടുക്കാന്‍ നില്‍ക്കണം എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. അതൊന്നും ശരിയല്ല. ഇത് അഹങ്കാരമൊന്നുമല്ല. എല്ലാത്തിനും മേല്‍ ഒരു വരയുണ്ട്. അത് മറികടക്കരുത്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlight: sidharth about a bad experience

We use cookies to give you the best possible experience. Learn more