ബെംഗളൂരു: വര്‍ഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യ. ബി.ജെ.പി എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന മോദിയുടെ വ്യക്തിപ്രഭാവമൊന്നും കര്‍ണാടകയില്‍ ചെലവാകില്ലെന്നും കര്‍ണാടകയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.
മേയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തെ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളുമടക്കമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണി ചേരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
‘വര്‍ഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ് കര്‍ണാടകയില്‍ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലടക്കം ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ മോദി പ്രഭാവമൊന്നും കര്‍ണാടകയില്‍ വിലപ്പോവില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ണാടകയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബി.ജെ.പിയുടെ ദുര്‍ഭരണത്തിനെതിരെയുള്ള പ്രതിഷേധവുമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് ന്യൂനപക്ഷങ്ങളും ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമുണ്ട്. 90 ശതമാനം മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഇത്തവണ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യും,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ സഹായിക്കാനാണ് എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അത്തരം തന്ത്രങ്ങളില്‍ നിന്ന് മുസ്‌ലിങ്ങള്‍ മാറി നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്‌ലിം വോട്ടുകള്‍ എസ്.ഡി.പി.ഐക്കും കോണ്‍ഗ്രസിനുമിടയില്‍ വിഭജിക്കപ്പെട്ടാല്‍ അതിന്റെ നേട്ടം ബി.ജെ.പിക്കാണ്. മുസ്‌ലിങ്ങള്‍ ഇത്തരം തന്ത്രങ്ങളെക്കുറിച്ച് ബോധമുള്ളവരാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ അത്തരമൊരു സ്ഥിതി ഉണ്ടാകില്ലെന്നും മുസ്‌ലിങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനൊപ്പം അണിനിരക്കുമെന്നുമാണ് എന്റെ പ്രതീക്ഷ,’ സിദ്ധരാമയ്യ പറഞ്ഞു.
അഭിമുഖത്തിനിടെ കര്‍ണാടകയിലെ പ്രബല രാഷ്ട്രീയ കക്ഷിയായ ജെ.ഡി.എസിന് ഇത്തവണ 25 സീറ്റിന് മുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും, കോണ്‍ഗ്രസ് ആകെയുള്ള 224 സീറ്റില്‍ 125 സീറ്റിന് മുകളില്‍ നേടി വമ്പിച്ച വിജയം കരസ്ഥമാക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം മേയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാത്തുണ്ടായ ബി.ജെ.പി വിരുദ്ധ തരംഗത്തെ വോട്ടാക്കി മാറ്റാന് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ട്ടിയിലുയര്‍ന്ന് വന്ന ഭിന്നതകളും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് ശേഷം മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിട്ടതിന്റെയും പ്രതിസന്ധിയിലാണ് ബി.ജെ.പി