| Tuesday, 10th December 2019, 7:15 pm

പ്രഭാവം മങ്ങി സിദ്ധരാമയ്യ; ഇനി വരുന്നത് ഡി.കെ ശിവകുമാറിന്റെ നാളുകളോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗളൂരു: കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിനും നേതൃത്വം കൊടുത്തത്. ബി.ജെ.പിക്ക് മുന്നേ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചെങ്കിലും വിജയം കണ്ടെത്താനായില്ല.

ശിവാജി നഗറിലും ഹുന്‍സൂറിലും മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഹുന്‍സൂറിലെ വിജയം സിദ്ധരാമയ്യക്ക് അഭിമാനപ്രശ്‌നമായിരുന്നു. അത് കൊണ്ട് തന്നെ ആ വിജയം സിദ്ധരാമയ്യക്ക് സന്തോഷം പകരുന്നതാണ്. എന്നാല്‍ ഹുന്‍സൂര്‍ സിദ്ധരാമയ്യയുടെ സംസ്ഥാനത്തെ സ്വാധീനത്തെ കുറിച്ച് നല്‍കുന്ന സൂചനകള്‍ മറ്റ് ചിലതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൈസൂരു ജില്ലയില്‍ മാത്രമായി സിദ്ധരാമയ്യുടെ സ്വാധീനം കുറഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 2018ല്‍ തന്റെ ശക്തികേന്ദ്രമായിരുന്ന ചാമുണ്ഡേശ്വരിയില്‍ തന്റെ പഴയ അനുയായി ജി.ടി ദേവഗൗഡയോട് പരാജയപ്പെട്ടതോടെ സിദ്ധരാമയ്യ തന്റെ ശ്രദ്ധ മൈസൂരു ജില്ലയിലേക്ക് മാത്രമായി ചുരുക്കിയിരുന്നു, അയല്‍ജില്ലയായ ബഗല്‍ക്കോട്ടിലെ ബധാമിയില്‍ നിന്നാണ് അദ്ദേഹം എം.എല്‍.എയായതെങ്കിലും.

മൈസൂരുവിലെ ഹുന്‍സൂറില്‍ സിദ്ധരാമയ്യ കേന്ദ്രീകരിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ മറ്റ് ജില്ലകളിലെ മണ്ഡലങ്ങളില്‍ ആരെയും വിജയിപ്പിച്ചെടുക്കാന്‍ കഴിയാഞ്ഞതോടെ സിദ്ധരാമയ്യയുടെ പ്രഭാവം മങ്ങിയെന്നും അദ്ദേഹത്തിന് പഴയ സ്വാധീനമില്ലെന്നുമുള്ള അഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവ് സ്ഥാനവും ദിനേശ് ഗുണ്ടുറാവു കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി നേരിട്ടതോടെ ഇനി സിദ്ധരാമയ്യക്ക് പാര്‍ട്ടിക്കകത്ത് പഴയ പോലെ അധികാര കേന്ദ്രീകരണം സാധ്യമല്ല. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി ഡി.കെ ശിവകുമാറിനെ പിന്തുണക്കുന്നവരും മറ്റ് നേതാക്കളും നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇവരുടെ ആവശ്യം ഡി.കെ ശിവകുമാറിനെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണമെന്നാണ്. ഈ ആവശ്യത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാര്യമായി പരിഗണിക്കാനും ഇടയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more