| Thursday, 19th March 2020, 7:38 pm

'കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ താഴെ വീഴുമോ?'; നിലവിലെ രാഷ്ട്രീയ നീക്കങ്ങളില്‍ യെദിയൂരപ്പയോട് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അധിക കാലം നീണ്ടു നില്‍ക്കുമോ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പയോട് ചോദിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. വരുന്ന മൂന്ന് വര്‍ഷവും യെദിയൂരപ്പ സര്‍ക്കാര്‍ തികക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബി.ജെ.പിയില്‍ നടന്നുവരുന്ന രാഷ്ട്രീയ നീക്കങ്ങളാണ് തന്റെ ഉള്ളില്‍ ഈ സംശയങ്ങളുണ്ടാക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി യെദിയൂരപ്പ രംഗത്തെത്തി. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകുമെന്നാണ് യെദിയൂരപ്പയുടെ മറുപടി.

കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ പരാതി നല്‍കാന്‍ ഒരുവിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് എം.എല്‍.എമാര്‍ തയ്യാറെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

അടുത്തിടെ നടന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് എം.എല്‍.എമാര്‍ പ്രഥമമായി ഉന്നയിക്കുന്ന പരാതി. സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാരണമായ, നിയമസഭയില്‍ നിന്ന് രാജിവെച്ച കോണ്‍ഗ്രസ്സ, ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കാണ് യെദിയൂരപ്പ മുന്‍ഗണന കൊടുത്തതെന്നും എം.എല്‍.എമാര്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ യെദിയൂരപ്പയുടെ കുടുംബക്കാര്‍ ഇടപെടുന്നതിലും എം.എല്‍.എമാര്‍ക്കിടയില്‍ വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന കോര്‍ കമ്മിറ്റി മീറ്റിംഗില്‍ ചില എം.എല്‍.എമാര്‍ യെദിയൂരപ്പക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു.

തങ്ങള്‍ക്ക് തങ്ങളെ നോതാവിനെ നേരിട്ട് കാണാന്‍ സാധിക്കണമെന്നും അതിന് പകരം യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയെ ആദ്യം കാണാന്‍ നിര്‍ദ്ദേശിച്ചത് അപമാനമുണ്ടാക്കിയെന്നും എംഎല്‍എമാരായ ബസം ഗൗഡ യത്‌നാല്‍, രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ പറഞ്ഞതായി ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more