ബെംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അധിക കാലം നീണ്ടു നില്‍ക്കുമോ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പയോട് ചോദിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. വരുന്ന മൂന്ന് വര്‍ഷവും യെദിയൂരപ്പ സര്‍ക്കാര്‍ തികക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബി.ജെ.പിയില്‍ നടന്നുവരുന്ന രാഷ്ട്രീയ നീക്കങ്ങളാണ് തന്റെ ഉള്ളില്‍ ഈ സംശയങ്ങളുണ്ടാക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി യെദിയൂരപ്പ രംഗത്തെത്തി. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകുമെന്നാണ് യെദിയൂരപ്പയുടെ മറുപടി.
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ പരാതി നല്‍കാന്‍ ഒരുവിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് എം.എല്‍.എമാര്‍ തയ്യാറെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
തങ്ങള്‍ക്ക് തങ്ങളെ നോതാവിനെ നേരിട്ട് കാണാന്‍ സാധിക്കണമെന്നും അതിന് പകരം യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയെ ആദ്യം കാണാന്‍ നിര്‍ദ്ദേശിച്ചത് അപമാനമുണ്ടാക്കിയെന്നും എംഎല്‍എമാരായ ബസം ഗൗഡ യത്‌നാല്‍, രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ പറഞ്ഞതായി ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.