ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എം.പി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വരുണ്‍ വ്യക്തമാക്കുന്നത്.
വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകള്‍ എന്ന കുറിപ്പോടെയാണ് വരുണിന്റെ ട്വീറ്റ്.
കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് വരുണ്‍ പറഞ്ഞത്.
കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. വീഡിയോയില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ഇറ്റുവീണ രക്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഖിംപൂരിലെ കര്‍ഷക കൊലയ്ക്ക് പിന്നില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.