ബലാത്സംഗ പരാതി; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് സുപ്രീം കോടതി. നടിയുടെ പരാതിയില്‍ സിദ്ദിഖിന് നേരത്തെ രണ്ടാഴ്ച്ചത്തേക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചതോടെയാണ് രണ്ടാഴ്ച്ചക്കാലത്തേക്ക് നടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്. എന്നാല്‍ സിദ്ദിഖ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷ അടുത്താഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും. യുവനടിയുടെ പരാതിയില്‍ പറയുന്നതിനപ്പുറമുള്ള കഥകള്‍ പൊലീസ് തനിക്കതിരെ മെനയുന്നുവെന്നും, പരാതിക്കാരിയുടെ ഫോണ്‍ പൊലീസ് ആവശ്യപ്പെടുന്നില്ലെന്നും സിദ്ദിഖ് ഇന്നലെ നടന്ന മറുപടി സത്യവാങ്മൂലത്തില്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
അതില്‍ ഇന്ന് വാദ പ്രതിപാദങ്ങള്‍ നടന്നിട്ടില്ല. തന്റെ പക്കല്‍ 2016ല്‍ ഉണ്ടായിരുന്ന ലാപ്‌ടോപ്പും ഫോണും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിപ്പോള്‍ തന്റെ പക്കല്‍ ഇല്ലെന്ന് അറിയിച്ചിട്ടും വീണ്ടും ആവശ്യപ്പെടുന്നു. കൂടാതെ തന്റെ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും അടക്കം വേണമെന്ന് പൊലീസ് പറയുന്നതായും സിദ്ദിഖ് കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.
സിദ്ദിഖ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. അന്വേഷണത്തില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവനടി പരാതിയില്‍ പറയുന്നുണ്ട്.
Content Highlight: Siddiqui’s interim bail will continue