Malayalam Cinema
ഹരിഹര്‍ നഗറില്‍ അപ്പുകുട്ടനായി സിദ്ധിഖ് അഭിനയിച്ചേനെ; ജഗദീഷിനെ ഒഴിവാക്കാന്‍ ശ്രമം ഉണ്ടായി; ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ സിദ്ധിഖ്
കൊച്ചി: മലയാളത്തിലെ ഏക്കാലത്തെയും ട്രെന്റ സെറ്റുകളില്‍ ഒന്നായ സിനിമയായിരുന്നു ഹരിഹര്‍ നഗര്‍. ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും ഏക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്.
മറ്റാരെയും ആലോചിക്കാന്‍ കഴിയാത്ത തരത്തില്‍ മുകേഷും സിദ്ധിഖും ജഗദീഷും അശോകനും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ഇതില്‍ തന്നെ ജഗദീഷിന്റെ അപ്പുകുട്ടന്‍ എന്ന റോള്‍ അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്ക് കഥാപാത്രങ്ങളില്‍ ഒന്നാണ്.
എന്നാല്‍ ജഗദീഷിനെ ഈ റോളില്‍ നിന്ന് ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്ന് സിദ്ധീഖ് അപ്പുകുട്ടനായി അഭിനേയിച്ചേനെ എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ധീഖ്.
ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ചിത്രത്തില്‍ ആദ്യം മഹാദേവനായി മുകേഷിനെയും അപ്പുക്കുട്ടനായി ജഗദീഷിനെയും തോമസുകുട്ടിയായി അപ്പ ഹാജയെയും ഗോവിന്ദന്‍കുട്ടിയായി അശോകനെയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജഗദീഷിനെ ഈ റോളില്‍ നിന്ന് ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നെന്നാണ് സിദ്ധീഖ് പറയുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ കുര്യച്ചനും ഫാസില്‍ സാറിന്റെ സഹോദരനായ ഖായിസും ഖത്തറിലായിരുന്നു ഇതിനെ തുടര്‍ന്ന് ഫാസില്‍ സാറിനെയും ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറിനെയും നിര്‍മ്മാണത്തിന്റെ ചുമതല ഏല്‍പ്പിച്ചെന്നും സിദ്ധീഖ് പറഞ്ഞു. മഹാദേവനായി മുകേഷിനെയും അപ്പുക്കുട്ടനായി ജഗദീഷിനെയും തോമസുകുട്ടിയായി അപ്പ ഹാജയെയും ഗോവിന്ദന്‍കുട്ടിയായി അശോകനെയുമാണ് നിശ്ചയിച്ചിരുന്നത്.
താനും ലാലും ജഗദീഷിനോട് അടുത്ത ബന്ധമുള്ളവരായിരുന്നു. തങ്ങളുടെ പുതിയ സിനിമയില്‍ ജഗദീഷിന് നല്ലൊരു റോളുണ്ടെന്നും കാസ്റ്റിംഗ് തുടങ്ങുമ്പോള്‍ അറിയിക്കമെന്നും പറഞ്ഞിരുന്നുന്നും എന്നാല്‍ ആ സമയത്ത് മൊബൈല്‍ ഫോണുകള്‍ ഒന്നും ഇല്ലായിരുന്നത് കൊണ്ട് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറിനെ താരങ്ങളെ കാണുവാനും ഡേറ്റ് ബുക്ക് ചെയ്യാനും അയച്ചെന്നും സിദ്ധീഖ് പറഞ്ഞു.
എന്നാല്‍ അയാള്‍ തിരിച്ചു വന്നപ്പോള്‍ ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ മനസ്സില്‍ വിചാരിച്ചു തന്നെയാണ് ഞങ്ങള്‍ തിരക്കഥ തയ്യാറാക്കിയിരുന്നത്. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തായാലും മുന്നോട്ട് പോകുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഫാസില്‍ സാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. ആ സമയത്ത് സിദ്ധിഖ് ചെറിയ റോളുകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് അദ്ദേഹം ഒരു മിമിക്രി കലാകാരന്‍ കൂടിയാണ്. അത് കൊണ്ട് തന്നെ സിദ്ധിഖ് ഈ ചിത്രത്തിന് ഒരു മുതല്‍ക്കൂട്ടാകും എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ആ സമയത്ത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങില്‍ ആയിരുന്ന സിദ്ധിഖ് ഞങ്ങള്‍ പറഞ്ഞത് അനുസരിച്ച് എറണാകുളത്തിന് വന്നു. കഥ കേട്ട സിദ്ധിഖ് വളരെ താല്പ്പര്യം പ്രകടിപ്പിക്കുകയും അപ്പുക്കുട്ടനായി അഭിനയിക്കുവാന്‍ ഫാസില്‍ സര്‍ അദ്ദേഹത്തിന് അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു.
എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകനായ വേണുവിനെ കാണാന്‍ തിരുവനന്തപുരത്തിന് പോകുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഞങ്ങള്‍ ജഗദീഷിനെ കണ്ടു മുട്ടുകയും എന്താണ് അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥാപാത്രം നിരസിച്ചതെന്നും ഞങ്ങള്‍ ചോദിച്ചു. ഞെട്ടിപ്പോയ ജഗദീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”ഞാന്‍ നോ പറഞ്ഞുവെന്ന് ആരാണ് പറഞ്ഞത്? ഞാന്‍ ആ റോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.” എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അദ്ദേഹത്തെ കാണാന്‍ വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നും അവര്‍ അത്ര രസത്തില്‍ അല്ലായെന്നും അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് നടന്ന ഒരു പ്രോജക്ടിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഒരു അസ്വാരസ്യം ഉണ്ടായിരുന്നു. അവസരം കിട്ടിയപ്പോള്‍ ആ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അതിന് പക വീട്ടുകയായിരുന്നു.
സിദ്ധിഖിനെ ആ റോളിന് വേണ്ടി നിശ്ചയിച്ചുവെന്ന് ജഗദീഷിനോട് പറഞ്ഞപ്പോള്‍ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം താന്‍ വന്ന് ക്യാമറക്ക് മുന്നില്‍ നില്‍ക്കുമെന്നും വേറൊന്നും തനിക്ക് അറിയേണ്ട എന്നുമാണ് ജഗദീഷ് പറഞ്ഞത്. തുടര്‍ന്ന് തങ്ങള്‍ പറഞ്ഞത് അനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അദ്ദേഹം ഫാസില്‍ സാറിനെ വിളിക്കുകയും സംഭവങ്ങള്‍ എല്ലാം പറയുകയും ചെയ്തു. തിരികെ വരുന്ന വഴി ഞങ്ങളോട് ആലപ്പുഴയില്‍ ഇറങ്ങുവാന്‍ ഫാസില്‍ സാര്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം ആ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിക്കുകയും ഇതിലേക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളെ വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. ഞങ്ങളോട് ഒരു പരിഹാരം ഫാസില്‍ സാര്‍ ആവശ്യപ്പെട്ടു. അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. എല്ലാവരെയും സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് ഫാസില്‍ സര്‍ പറഞ്ഞു. അതുകൊണ്ട് അപ്പ ഹാജക്ക് വേണ്ടി ഞങ്ങള്‍ ഒരു പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകള്‍ മാറി. അപ്പ ഹാജക്ക് തന്റെ റോള്‍ എന്താണെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നതിനാല്‍ അപ്പയും ഹാപ്പിയായിരുന്നു. അപ്പുക്കുട്ടന്‍ ജഗദീഷിന് അദ്ദേഹത്തിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക്ത്രൂ നല്‍കിയെന്നും സിദ്ധീഖ് പറഞ്ഞു.