സിദ്ദിഖിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്ത് വന്ന ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍. മോഹന്‍ലാല്‍ നായകനായ ചിത്രം തിയേറ്ററുകളില്‍ അത്ര വിജയമായില്ല. ചിത്രത്തിന്റെ പരാജയകാരണം തുറന്ന് പറയുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ്.
‘സ്പിരിറ്റ് വന്ന് മോഹന്‍ലാലിന് വലിയ അപ്രിസിയേഷന്‍ കിട്ടി നില്‍ക്കുന്ന സമയത്താണ് ലേഡീസ് ആന്റ് ജന്റില്‍മാന്‍ വരുന്നത്. അപ്പോള്‍ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. കാരണം ഈ സിനിമയിലും കള്ളുകുടിയന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. കള്ളുകുടിയന്‍ കഥാപാത്രങ്ങള്‍ തമ്മില്‍ സാമ്യം വരുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ ആ കള്ളുകുടിയനെ ഒരു തരത്തിലും ഓര്‍മിപ്പിക്കാത്ത തരത്തിലാണ് ലാല്‍ ഇതില്‍ പെര്‍ഫോം ചെയ്തത്.
ഭയങ്കര രസമായിരുന്നു ലാലിന്റെ ഈ സിനിമയിലെ കള്ളുകുടിയന്‍. വൈഫ് മരിച്ചുപോയി എന്ന് വിശ്വസിക്കാത്ത, അവളിപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു എക്‌സെന്‍ട്രിക് ടൈപ്പ് മദ്യപാനിയാണ്. അത് ലാല്‍ ബ്രില്യാന്റായി ചെയ്തു.
നാല് പെണ്‍കുട്ടികളും ചന്ദ്രബോസ് എന്ന് പറയുന്ന മദ്യപാനിയും തമ്മിലുള്ള കഥയാണ്. അത് തിയേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല. പിന്നീട് രണ്ടുമൂന്ന് പ്രാവിശ്യം അനലൈസ് ചെയ്തപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം ഐ.ടി. ആമ്പിയന്‍സ് സിനിമയില്‍ വന്നതാണ് കാരണമെന്നാണ്.
പെണ്‍കുട്ടികളെല്ലാവരും ഐ.ടി. പ്രൊഫഷണല്‍സാണ്. സോഫ്റ്റവെയര്‍ ട്രാന്‍സാക്ഷന്‍ ഒക്കെ വരുന്നുണ്ട് സിനിമയില്‍. അന്നും ഇന്നും ആളുകള്‍ക്ക് അത്ര പരിചിതമല്ല ആ മേഖല. ഇപ്പോഴും ഐ.ടി. കഥകള്‍ പറയുമ്പോള്‍ ആളുകള്‍ക്ക് അതിന്റെ കാര്യങ്ങള്‍ അത്രയും ഡീറ്റെയ്‌ലായി കിട്ടുന്നുണ്ടോ എന്നെനിക്ക് സംശയമാണ്. ആ സിനിമയിലും അത് തന്നെ സംഭവിച്ചു.
വളരെ ഇന്ററസ്റ്റിങ്ങായ കഥയില്‍ ഐ.ടി കൂടി വന്നപ്പോള്‍ ആളുകള്‍ക്ക് സിനിമയോട് ചെറിയൊരു ഡിറ്റാച്ച്‌മെന്റ് വന്നു എന്നെനിക്ക് തോന്നി. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൊന്നാണ് ലാല്‍ ചെയ്ത ചന്ദ്രബോസ്,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Siddique talks about the reason for the failure of ladies and gentleman