| Friday, 16th September 2022, 9:30 am

ഫ്രണ്ട്‌സിന്റെ തമിഴ് ക്ലൈമാക്‌സ് ഭയങ്കര ഇമോഷണലായി, ആ സ്ഥലത്ത് പ്രേക്ഷകര്‍ കയ്യടിച്ച് ആഘോഷിച്ചു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേശ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ തമിഴ് റീമേക്കും സിദ്ദിഖ് തന്നെയാണ് സംവിധാനം ചെയ്തത്. തമിഴിലേക്ക് ഫ്രണ്ട്‌സ് റീമേക്ക് ചെയ്തപ്പോള്‍ ക്ലൈമാക്‌സില്‍ വരുത്തിയ മാറ്റത്തെ പറ്റി സംസാരിക്കുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ്.

‘ഫ്രണ്ട്‌സ് മലയാളം സിനിമയുടെ അവസാനം ജയറാമിനെ കാണിച്ചത് പോലെയാണ് വിജയ്‌യെ കാണിച്ചത്. പക്ഷേ ഒരു ചെറിയ മാറ്റം വരുത്തി. സുഹൃത്തിനെ വില്ലന്‍ അടിക്കുമ്പോള്‍ നായകനിലേക്ക് അറിയാതെ ഓര്‍മകള്‍ തിരിച്ച് വരികയാണ്. സുഹൃത്ത് ബന്ധത്തിന്റെ ശക്തിയാണ് അവിടെ വര്‍ക്ക് ചെയ്യുന്നത്. നായകന് സെന്‍സുണ്ടെങ്കില്‍ സുഹൃത്തിന്റെ ദേഹത്ത് അടിയല്ല കാറ്റ് വീശാന്‍ പോലും സമ്മതിക്കില്ല എന്ന് പ്രേക്ഷകര്‍ക്ക് അറിയാം.

അങ്ങനെയുള്ള ഒരാളുടെ മുന്നിലിട്ട് കൂട്ടുകാരനെ അടിക്കുകയാണ്. സുഹൃത്തിന്റെ കരച്ചില്‍ കേട്ടിട്ടാണ് ഉള്ളിലുള്ള ആ ഫ്രണ്ട്ഷിപ്പ് പിന്നെയും വര്‍ക്ക് ആയി രോഗാവസ്ഥയില്‍ പോലും അയാള്‍ വില്ലന്മാരെ അറ്റാക്ക് ചെയ്യുന്നത്. അവിടെ പ്രേക്ഷകന്‍ കയ്യടിക്കുകയാണ്. ഒരു ഹൈ ഡ്രാമയാണ് ക്രിയേറ്റ് ചെയ്തത്.

മലയാളത്തിലാണെങ്കില്‍ ആളുകള്‍ പ്രശ്‌നമുണ്ടാക്കുമായിരുന്നു. അവര്‍ക്ക് അത് ഇഷ്ടമായി എന്ന് വരില്ല. പക്ഷേ തമിഴ് പ്രേക്ഷകരും വിജയ് എന്ന ഹീറോയും ആ ഇമേജുമൊക്കെ കാരണം ക്ലൈമാക്‌സ് സീക്വന്‍സ് ഭയങ്കര ഇമോഷണലായി. ആ സ്ഥലത്ത് പ്രേക്ഷകര്‍ കയ്യടിച്ച് ആഘോഷിച്ചു. യഥാര്‍ത്ഥ ഹീറോ ആയി വിജയ് തിരിച്ച് വരുന്നിടത്താണ് സിനിമ എന്‍ഡ് ചെയ്യുന്നത്,’ സിദ്ദിഖ് പറഞ്ഞു.

‘മലയാളം അങ്ങനെ തീര്‍ക്കാന്‍ പറ്റില്ല. മലയാളത്തില്‍ വളരെ നാച്ചുറലായും സട്ടിലായുമാണ് കാണിക്കുന്നത്. അരവിന്ദന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീഴുന്നത് കാണിച്ച് അയാള്‍ സെന്‍സിലേക്ക് എത്തി എന്ന ഹിന്റ് മാത്രം കൊടുത്തിട്ടാണ് മലയാളം നിര്‍ത്തുന്നത്. തമിഴ് അങ്ങനെയല്ല. അയാള്‍ പൂര്‍ണമായും എഴുന്നേറ്റ് ഫ്രണ്ടിനെ അടിച്ച വില്ലനെ നശിപ്പിച്ചുകൊണ്ടാണ് ലൈഫിലേക്ക് തിരിച്ച് വരുന്നത്.

ഒരേ കഥ തന്നെയാണ് കാണിക്കുന്നത്. രണ്ടിടത്ത് പറയുമ്പോഴും ഉണ്ടാകുന്ന ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. ആ ചെറിയ വ്യത്യാസങ്ങളാണ് വലിയ വിജയങ്ങള്‍ക്ക് കാരണമാകുന്നത്. മലയാളത്തില്‍ പറഞ്ഞത് പോലെ സട്ടിലായി തമിഴില്‍ പറഞ്ഞിരുന്നുവെങ്കില്‍ വിജയ്‌യുടെ പ്രേക്ഷകര്‍ക്ക് അത് ചിലപ്പോള്‍ അംഗീകരിക്കാന്‍ പറ്റിയെന്ന് വരില്ല. തമിഴില്‍ പറഞ്ഞത് പോലെ കരച്ചിലും ബഹളവും കേട്ട് നായകന് ശക്തി കിട്ടിയെന്ന് കാണിച്ചാല്‍ മലയാളത്തിലും സ്വീകാര്യമാവില്ലായിരുന്നു,’ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Siddique talks about the changes made in the climax when Friends was remade into Tamil

We use cookies to give you the best possible experience. Learn more