| Monday, 1st January 2024, 12:17 pm

ആ ഫോട്ടോ ലാല്‍ അയച്ചത്; അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ കാരണം ഇതാണ്‌: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ എറ്റവും പുതിയ ചിത്രമായിരുന്നു നേര്. ഡിസംബര്‍ 21നായിരുന്നു കോര്‍ട്ട് റൂം ഡ്രാമയായ ചിത്രം റിലീസ് ചെയ്തത്. തുടര്‍പരാജയങ്ങളില്‍ നിന്നും ബോക്സ് ഓഫീസിലേക്കുള്ള മോഹന്‍ലാലിന്റെ തിരിച്ചുവരവായിരുന്നു നേര്. ചിത്രത്തിലെ മോഹന്‍ലാല്‍, അനശ്വര, സിദ്ദീഖ് എന്നിവരുടെ പ്രകടനങ്ങള്‍ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.

ചിത്രത്തില്‍ നടന്‍ സിദ്ദീഖ് ഒരു വില്ലന്‍ കഥാപാത്രമായാണ് എത്തിയത്. കഴിഞ്ഞ ദിവസം താരം വക്കീല്‍ വേഷത്തിലുള്ള തന്റെയും മോഹന്‍ലാലിന്റെയും ഒരു ഫോട്ടോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ആ ഫോട്ടോയെ പറ്റി പറയുകയാണ് സിദ്ദീഖ്.


നേരിന് ശേഷമുള്ള ഖല്‍ബ് എന്ന തന്റെ അടുത്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം. മോഹന്‍ലാലിന്റെ കൂടെ സ്‌ക്രീനിലേക്ക് വരുമ്പോള്‍ ഒരു പ്രത്യേക സ്‌നേഹവും കെമിസ്ട്രി ഉണ്ടോയെന്ന് അവതാരിക ചോദിച്ചപ്പോള്‍ അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്ന് സിദ്ദീഖ് മറുപടി പറഞ്ഞു.

‘എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ അത്. രാവണപ്രഭു മുതല്‍ തുടങ്ങിയതല്ലേ. അതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷന്‍ തന്നെയാണ് ഞങ്ങളുടേത്. മോഹന്‍ലാലും ഞാനും ഒരുമിച്ച് വരുമ്പോള്‍, പ്രത്യേകിച്ചും അത് ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രങ്ങളാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും.

പക്ഷെ അങ്ങനെ ഞങ്ങള്‍ ഓപ്പോസിറ്റായി നില്‍ക്കുന്നത് റീലില്‍ മാത്രമാണ്. റിയലായി എങ്ങനെയാണെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത്രയും അടുത്ത സുഹൃത്തുകളാണ് ഞങ്ങള്‍. എനിക്ക് മോതിരം പോലും ഊരി തരുന്ന ആളാണ് ലാല്‍. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്.

പിന്നെ ആ ഫോട്ടോയുടെ കാര്യം ചോദിച്ചാല്‍, ലാല്‍ എനിക്ക് അയച്ച് തന്ന ഫോട്ടോയായിരുന്നു അത്. ആ സിനിമയിലെ ഫോട്ടോയല്ല. ഞങ്ങള്‍ രണ്ടുപേരും കൂടെ വെറുതെ സംസാരിച്ച് നില്‍ക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ്. ഒരു ക്യാന്‍ഡിഡ് പിക്കാണ്, ലാല്‍ ഇന്ന് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാനത് ഉടനെ തന്നെ എഫ്.ബിയില്‍ പോസ്റ്റ് ചെയ്തത്. ആ ഫോട്ടോക്കും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. അതിലും ഒരുപാട് സന്തോഷമുണ്ട്,’ സിദ്ദീഖ് പറയുന്നു.

Content Highlight: Siddique Talks About Mohanlal

Latest Stories

We use cookies to give you the best possible experience. Learn more