| Friday, 8th March 2024, 12:22 pm

അന്ന് എനിക്ക് ഗുളിക തന്ന ലാല്‍ അതുകഴിച്ച് തലവേദന എന്‍ജോയ് ചെയ്യാനാണ് പറഞ്ഞത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ രണ്ട് ഇഷ്ടതാരങ്ങളാണ് സിദ്ദിഖും മോഹന്‍ലാലും. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ കൂട്ടുക്കെട്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരവുമാണ്.

ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സിദ്ദിഖ്.

‘എനിക്ക് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് നല്ല തലവേദനയുണ്ടായി. അന്ന് ബി.പിയുണ്ടോ എന്ന് ചെക്ക് ചെയ്തിരുന്നില്ല. എനിക്ക് തലവേദന കാരണം വയ്യാതെ നില്‍ക്കുമ്പോള്‍ ഇത് കണ്ടുകൊണ്ട് ലാല്‍ അവിടേക്ക് വന്നു.

തലവേദനയാണോയെന്ന് എന്നോട് ലാല്‍ ചോദിച്ചു. അതേയെന്ന് മറുപടി പറഞ്ഞതും കണ്ടാല്‍ തന്നെ എനിക്ക് തലവേദനയാണെന്ന് മനസിലാകുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ലാലിനോട് എന്തെങ്കിലും ഗുളിക ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കഴിക്കരുതെന്നാണ് ലാല്‍ മറുപടി പറഞ്ഞത്.

ബി.പി ചെക്ക് ചെയ്യാമെന്ന് പറഞ്ഞിട്ട് ലാല്‍ അവിടെവെച്ച് തന്നെ എന്റെ ബി.പി ചെക്ക് ചെയ്തു. അന്ന് എന്റെ ബി.പി കൂടുതലായിരുന്നു. അതോടെ ഒരു ഡോക്ടറിനെ വിളിച്ച് അയാള്‍ പറഞ്ഞത് അനുസരിച്ച് ലാല്‍ എനിക്ക് ഒരു ഗുളിക കഴിക്കാന്‍ തന്നു.

അന്ന് ലാല്‍ പറഞ്ഞത് ‘ഇത് കഴിച്ചിട്ട് തലവേദനയൊന്ന് എന്‍ജോയ് ചെയ്യാന്‍ പറ്റുമോയെന്ന് നോക്കൂ’ എന്നായിരുന്നു. ഞാന്‍ പെട്ടെന്ന് കാര്യം മനസിലാക്കാതെ തലവേദന എന്‍ജോയ് ചെയ്യാനോയെന്ന് ചോദിച്ച് ലാലിനെ നോക്കി.

ഉടനെ തന്നെ ലാല്‍ അതിന് മറുപടിയും പറഞ്ഞു. ‘അത് പറ്റും, കുറച്ച് നേരം നമ്മള്‍ ആ തലവേദനയെ ഇങ്ങനെ ശ്രദ്ധിച്ചാല്‍ മതി. നല്ല സുഖമാണ്. അങ്ങനെ തലവേദന എന്‍ജോയ് ചെയ്യാന്‍ നമുക്ക് പറ്റും’ എന്നാണ് പറഞ്ഞത്.

അന്ന് ഗുളിക കുടിച്ചതോടെ എന്റെ തലവേദന മാറിയിരുന്നു. അന്ന് മുതല്‍ ഞാന്‍ ഡോക്ടറിനെ കണ്ട് ബി.പിയ്ക്കുള്ള ഗുളിക കഴിക്കാനും തുടങ്ങി,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique Talks About Mohanlal

We use cookies to give you the best possible experience. Learn more