മമ്മൂക്കയുടെ ആ ചിത്രത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ മുതലാണ് ഞാന്‍ ഒരു നടനാകുന്നത്: സിദ്ദിഖ്
Entertainment
മമ്മൂക്കയുടെ ആ ചിത്രത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ മുതലാണ് ഞാന്‍ ഒരു നടനാകുന്നത്: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th April 2024, 5:39 pm

1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ന്യൂ ഡെല്‍ഹി. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ജി.കെ. എന്ന കഥാപാത്രമായാണ് എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഒരു വലിയ വഴിത്തിരിവായാണ് ഈ ചിത്രത്തെ കാണുന്നത്.

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ന്യൂ ഡെല്‍ഹിയില്‍ നടന്‍ സിദ്ദിഖും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഈ സിനിമ തനിക്ക് ഏറെ സ്‌പെഷ്യലാണ് എന്ന് പറയുകയാണ് താരം. മാധ്യമം കുടുംബം മാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂ ഡെല്‍ഹിയാണ് തന്റെ ആദ്യ സിനിമയെന്ന് പറയുന്നതാകും ശരിയെന്നും  ആ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോള്‍ മുതലാണ് താന്‍ ഒരു നടനാകുന്നതെന്നും സിദ്ദിഖ് പറയുന്നു. സിനിമയാണ് ഇനി തന്റെ മേഖലയെന്ന് ബോധ്യപ്പെടുത്തിയത് ന്യൂ ഡെല്‍ഹിയാണെന്നും കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും സ്പെഷ്യലാണ്. എന്റെ ആദ്യ പടമെന്ന് പറയുന്നതാകും ശരി. ആ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോള്‍ മുതലാണ് ഞാന്‍ ഒരു നടനാകുന്നത്. അത്രയും പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. സിനിമ വമ്പന്‍ സക്സസായിരുന്നു.

ജോഷി സാര്‍, ഡെന്നീസ് ജോസഫ്, മമ്മൂട്ടി തുടങ്ങി ഏറ്റവും ടോപ്പ് ക്ലാസ്സില്‍ നില്‍ക്കുന്ന ആളുകളുമായി ആരംഭിച്ച അടുപ്പം. അവരെന്നെ അടുത്ത സിനിമയിലും സഹകരിപ്പിക്കാന്‍ തുടങ്ങി. മമ്മൂക്കയെ റെഗുലറായി കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടി.

സിനിമയാണ് ഇനിയങ്ങോട്ട് എന്റെ മേഖലയെന്ന് ബോധ്യപ്പെടുത്തിയത് ന്യൂ ഡെല്‍ഹിയാണ്. കല്യാണം കഴിഞ്ഞ് മൂന്നാം നാളാണ് ന്യൂ ഡെല്‍ഹി ഷൂട്ടിങ്ങിനുവേണ്ടി ഞാന്‍ ഡല്‍ഹിയിലേക്കു പോകുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നുകേട്ടപ്പോള്‍ തന്നെ ഭാര്യ കരച്ചിലായി.

ഒരുവിധം ആളെ സമാധാനിപ്പിച്ച് വെളുപ്പിന് ആറു മണിക്ക് കൊടുങ്ങല്ലൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ് കയറി കൊച്ചി എയര്‍പോര്‍ട്ടിലേക്കു പുറപ്പെട്ടു. അവിടെ നിന്ന് ദല്‍ഹിയിലേക്ക്. അതാണ് സിനിമയിലേക്കുള്ള യാത്രയായി എന്റെ മനസില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique Talks About Mammootty’s New Delhi Movie