നിരവധി സിനിമകളില്‍ ചേട്ടനും അനിയനുമായും നായകനും വില്ലനുമായുമൊക്കെ അഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും സിദ്ദീഖും. മമ്മൂട്ടിക്ക് ഒപ്പം പോക്കിരി രാജ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് സിദ്ദീഖ്. തുടര്‍ച്ചയായി മമ്മൂട്ടിയുടെ വില്ലനായി എത്തിയപ്പോള്‍ ഇനി ഇത് പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും എന്നാല്‍ നായകനായി മോഹന്‍ലാലിനെ വെക്കാമെന്ന് താന്‍ മറുപടി നല്‍കിയെന്നുമാണ് സിദ്ദീഖ് പറഞ്ഞത്. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ പറ്റി സിദ്ദീഖ് പറഞ്ഞത്.
‘ഞാന്‍ സീരിയസ് റോള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. വില്ലന്‍ റോളുകള്‍ ഇഷ്ടപ്പെടുന്നവരുണ്ട്. മറ്റ് റോളുകളൊന്നും ചെയ്യണ്ട, മമ്മൂക്കയുടെയും ലാലേട്ടന്റെയും വില്ലനായി നില്‍ക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് ചിലര്‍ പറയും. ഞാന്‍ അതിന് നിര്‍ബന്ധിച്ചാലും അവര് സമ്മതിക്കേണ്ടേ. രണ്ട് പടം ഒന്നിച്ച് ചെയ്താല്‍ മമ്മൂക്കയും ലാലേട്ടനും മാറ്റാന്‍ പറയും.
പോക്കിരി രാജ എന്ന ചിത്രം ചെയ്യുന്ന സമയമാണ്. അതിന് മുമ്പ് മൂന്നാല് സിനിമയില്‍ മമ്മൂക്കയുടെ വില്ലനായി ഞാന്‍ അഭിനയിച്ചിരുന്നു. ഷൂട്ടിനിടക്ക് മമ്മൂക്ക എന്നോട് പറഞ്ഞു, ഇത് കുറച്ചായി കേട്ടോ, ഞാനും നീയും കൂടി പ്രേം നസീര്‍ -കെ.പി. ഉമ്മര്‍ കളി തുടങ്ങിയിട്ട്, ഇത് നമുക്കൊന്ന് മാറ്റണമെന്ന്. പോക്കിരി രാജയുടെ ഡിസ്‌കഷന്‍ ടൈം മുതലേ ഞാന്‍ അവരോട് പറഞ്ഞതാണ്, ഒരു ചേഞ്ച് വേണം, മോഹന്‍ലാലിനെ ഇട്ടാല്‍ മതി, മമ്മൂക്കയെ ഇടണ്ടെന്ന്, അവര്‍ കേള്‍ക്കുന്നില്ല, അവര്‍ക്ക് മമ്മൂക്കയെ വേണമെന്നാണ് പറയുന്നത്, ഞാനിപ്പോള്‍ എന്ത് ചെയ്യാനാന്ന് പറഞ്ഞു(ചിരിക്കുന്നു).
തുടര്‍ച്ചയായി മമ്മൂക്കയുടെയും മോഹന്‍ലാലിന്റേയും വില്ലനാവാന്‍ പറ്റില്ല. അങ്ങനെ പോയാല്‍ എല്ലാ റോളും ചെയ്യുന്ന ആളാണെന്ന് ആളുകള്‍ക്ക് തോന്നില്ല. മാറ്റിയും മറിച്ചും വരണം. ഞാനല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരുമാണ് എന്നെ തെരഞ്ഞെടുക്കേണ്ടത്,’ സിദ്ദീഖ് പറഞ്ഞു.
എന്നാലും ന്റെളിയാ ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സിദ്ദീഖിന്റെ ചിത്രം. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രം ബാഷ് മൊഹമ്മദ് ആണ് സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. ഗായത്രി ആരുണ്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Content Highlight: siddique talks about mammootty and pokkiri raja movie