| Sunday, 15th January 2023, 8:01 am

എന്റെ സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചു, വെരി പ്രെഡിക്ടബിള്‍ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദീഖ്. മൂന്ന് വയസ് മുതലേ ദുല്‍ഖറിനെ കാണുന്നതാണെന്നും ചെറുപ്പം മുതലേ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. തന്റെ സിനിമയെ പറ്റി ചോദിച്ചപ്പോള്‍ തുറന്നടിച്ചുള്ള ദുല്‍ഖറിന്റെ മറുപടിയെ കുറിച്ചും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ദുല്‍ഖറിനെ കാണുന്നത്. അവന്‍ കുറച്ച് കൂടി വലുതായപ്പോള്‍ ഒരു സംഭവം നടന്നിട്ടുണ്ട്. എനിക്കും മമ്മൂക്കക്കും ഒരു ഷൂട്ടിന് പോകാനുണ്ട്. രാവിലെ നീ വീട്ടിലേക്ക് വാ നമുക്കൊന്നിച്ച് പോകാമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ ദുല്‍ഖര്‍ അവിടെ ഇരിപ്പുണ്ട്. ഒട്ടും സംസാരിക്കില്ല. അങ്കിള്‍ എന്ന് പറഞ്ഞ് അവിടെ ഇരിക്കുകയേയുള്ളൂ.

ആ സമയത്ത് എന്റെ ഒരു സിനിമ ഇറങ്ങിയിരുന്നു. അത് കണ്ടോ എന്ന് അവനോട് ചോദിച്ചു, കണ്ടെന്ന് പറഞ്ഞു. എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ വെരി പ്രെഡിക്ടബിള്‍ എന്നാണ് അവന്‍ പറഞ്ഞത്. എന്തൊരു ഇന്റലിജന്റ് റിപ്ലേ ആണ്. സിനിമ മോശമാണെന്നോ നല്ലതാണെന്നോ ഒന്നുമല്ല. ഞാന്‍ ഓക്കെ മോനേ എന്ന് പറഞ്ഞു.

അതിന് മുമ്പുള്ള ഒരു ഓര്‍മ, മമ്മൂക്കയുടെ പുറപ്പാട് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. വേറെ ഒരു സിനിമക്ക് വേണ്ടി അദ്ദേഹം മീശ വടിച്ചിരുന്നു. പുറപ്പാടില്‍ മീശ ഒട്ടിച്ചിട്ടാണ് അദ്ദേഹം അഭിനയിച്ചത്. മമ്മൂക്ക താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ തന്നെയാണ് ഷൂട്ടിങ്ങും ഉള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കൂടെ ഇത്തയും മക്കളും വന്നിട്ടുണ്ട്.

മമ്മൂക്ക ഉച്ചക്ക് വന്നിട്ട് ഭക്ഷണം കഴിച്ച് ഷോട്ട് എടുക്കാനായിട്ട് പോയി. ഇത് ദുല്‍ഖര്‍ കണ്ടിട്ടില്ലായിരുന്നു. തിരിച്ച് വന്നിട്ട് അവന്‍ സുറുമിയോട് മമ്മൂക്ക പോയതിനെക്കുറിച്ച് ചോദിച്ചു. വാപ്പച്ചി പോയോ, മീശ വച്ചാണോ പോയത്, എന്നായിരുന്നു അവന്‍ ചോദിച്ചത്. മീശ വച്ചോയെന്ന ആ ചോദ്യത്തില്‍ തന്നെ ഉണ്ടായിരുന്നു അച്ഛനോടുള്ള സ്നേഹം. കാരണം മീശ വെക്കാന്‍ മറക്കരുതല്ലോ,’ സിദ്ദീഖ് പറഞ്ഞു.

എന്നാലും ന്റെളിയാ ആണ് ഒടുവില്‍ റിലീസ് ചെയ്ത സിദ്ദീഖിന്റെ ചിത്രം. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകനായത്. ഗായത്രി അരുണ്‍, ലെന എന്നിവര്‍ നായികമാരായ ചിത്രം ജനുവരി ആറിനാണ് തിയേറ്ററുകളിലെത്തിയത്.

Content Highlight: siddique talks about dulquer salmaan’s reply for his film

Latest Stories

We use cookies to give you the best possible experience. Learn more