| Tuesday, 31st May 2022, 3:35 pm

അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകുന്നതാണ് മര്യാദ, അല്ലാതെ ജഡ്ജിയെ മാറ്റാന്‍ പറയരുത്; അതിജീവിതക്കെതിരെ സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃക്കാക്കര: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതക്കെതിരെ പരാമര്‍ശവുമായി നടന്‍ സിദ്ദിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദിഖിന്റെ പ്രതികരണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ അതിജീവിത സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നുണ്ടോ, എന്നായിരുന്നു സിദ്ദിഖ് ചോദിച്ചത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.

”അതിജീവിത ഇലക്ഷന് നില്‍ക്കുന്നുണ്ടോ. അത് നമുക്ക് പിന്നെ പറയാം.

അത് ഇവിടെ വിഷയമാക്കിയത് എന്തുകൊണ്ടാണെന്ന് പോലും എനിക്കറിയില്ല,” സിദ്ദിഖ് പറഞ്ഞു.

നീതി കിട്ടില്ല എന്ന സംശയം അതിജീവിത പ്രകടിപ്പിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന്, കോടതിയില്‍ നില്‍ക്കുന്ന സംഭവത്തില്‍ സംശംയം പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു സിദ്ദിഖ് അഭിപ്രായപ്പെട്ടത്. അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ വിധി വരട്ടെ, ആ വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കൊടതിയെ സമീപിക്കണമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

” അത് കോടതിയില്‍ നില്‍ക്കുന്ന സംഭവമല്ലേ, നമ്മളെന്തിനാണ് അതില്‍ സംശയം പ്രകടിപ്പിക്കുന്നത്. അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ വിധി വരട്ടെ.

ആ വിധിയില്‍ തൃപ്തരല്ലെങ്കില്‍ നമ്മള്‍ മേല്‍ക്കോടതിയെ സമീപിക്കും. ആ വിധിയിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് സാധാരണ ഇത്രയും കാലം കണ്ടിട്ടുള്ളത്.

ഇപ്പൊ എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല, എനിക്ക് ഈ ജഡ്ജിന്റെ അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണം എന്ന് ഞാന്‍ പറയില്ല.

ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ അനുകൂലമായ വിധി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള്‍ പാലിച്ചുപോരുന്ന മര്യാദ.

അങ്ങനെയാണ് ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം,” സിദ്ദിഖ് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

Content Highlight: Siddique speaks against survivor in actress attack case

We use cookies to give you the best possible experience. Learn more