| Thursday, 29th September 2022, 11:30 pm

സ്‌ക്രിപ്റ്റിലുള്ള ഡയലോഗല്ല സല്‍മാന്‍ പറയുന്നത്, ഞാനാകെ അസ്വസ്ഥനായി: ബോളിവുഡ് താരത്തെ തിരുത്തിയ അനുഭവം പങ്കുവെച്ച് സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വലിയ വിജയം നേടിയ ചിത്രമാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ പുറത്ത് ബോഡി ഗാര്‍ഡ്. ചിത്രം ഏറെ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. സിദ്ദിഖ് തന്നെയാണ് ചിത്രം മറ്റ് ഭാഷകളിലും സംവിധാനം ചെയ്തത്. ഹിന്ദി ഷൂട്ടിന്റെ സമയത്ത് സല്‍മാന്‍ ഖാനെ തിരുത്തിയ അനുഭവം പങ്കുവെക്കുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ്.

‘അത്യാവശം ഹിന്ദി കേട്ടാല്‍ അറിയാമെന്നല്ലാതെ എനിക്ക് പറയാന്‍ അറിയില്ല. ഇംഗ്ലീഷും വലിയ ഫ്‌ളുവന്‍സി ഇല്ല. പക്ഷേ ഓരോ സീനും അതിലെ കണ്ടന്റും എന്റെ മനസിലുണ്ട്. അതിന്റെ ഔട്ട്കമ്മിന്റെ കാര്യത്തില്‍ ഞാന്‍ നല്ല കോണ്‍ഫിഡന്റാണ്. അതുകൊണ്ട് ഷൂട്ടിങ്ങില്‍ വളരെ സൂക്ഷിച്ചാണ് ഇരിക്കുന്നത്.

ഒരു സീനില്‍ ഞാന്‍ ഭയങ്കര ഡിസ്റ്റര്‍ബ്ഡായി. അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ചിട്ട് സ്‌ക്രിപ്റ്റിലുള്ള ഡയലോഗല്ലല്ലോ സല്‍മാന്‍ പറയുന്നത് എന്ന് പറഞ്ഞു. അല്ല സാര്‍ അത് കുഴപ്പമില്ല, സെയിം കണ്ടന്റ് തന്നെയാണ് എന്ന് പറഞ്ഞു. കണ്ടന്റ് ഓകെയായതുകൊണ്ട് കാര്യമില്ലല്ലോ, ഇപ്പുറത്തെ ആളുടെ ഡയലോഗ് കൂടി കണക്ഷന്‍ നോക്കണ്ടേ എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അത് കുഴപ്പമില്ലെന്ന് അയാള്‍ പറഞ്ഞു.

ഞങ്ങള്‍ സംസാരിക്കുന്നത് കണ്ടിട്ട് സല്‍മാന്‍ അടുത്തേക്ക് വന്നു, എന്താണ് കാര്യമെന്ന് ചോദിച്ചു. സ്‌ക്രിപ്റ്റിലുള്ള ഡയലോഗ് അല്ല സല്‍മാന് പറയുന്നതെന്ന് ഞാന്‍ പറഞ്ഞു. ഒന്നു മാറ്റിയാണ് പറഞ്ഞത്, നോ പ്രോബ്ലം കണ്ടന്റ് അത് തന്നെയാണെന്ന് സല്‍മാന്‍ പറഞ്ഞു.

കണ്ടന്റിലല്ല എനിക്ക് തര്‍ക്കം. സല്‍മാന്‍ ഈ ഡയലോഗ് പറയുമ്പോള്‍ കൗണ്ടര്‍ നില്‍ക്കുന്ന കരീനയുടെ ഡയലോഗുമായി മാച്ചവുമോയെന്നാണ് എന്റെ ഡൗട്ട്, കാരണം കരീന സ്‌ക്രിപ്റ്റിലുള്ള ഡയലോഗ് ആണ് പറയുന്നത്. നോക്കട്ടെയെന്ന് പറഞ്ഞ് സല്‍മാന്‍ കരീനയുടെയും അദ്ദേഹത്തിന്റെയും ഡയലോഗുകള്‍ ഒന്നിച്ച് വെച്ച് നോക്കി. എന്നിട്ട് ഇത് മാച്ചാവില്ല, യു ആര്‍ കറക്റ്റ് എന്ന് പറഞ്ഞു. പിന്നെ സ്‌ക്രിപ്റ്റ് റൈറ്ററേയും സെറ്റില്‍ ഇരുത്തിയാണ് സല്‍മാന്‍ ഷൂട്ട് ചെയ്തത്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique shares the experience of correcting Salman Khan during a shoot of body guard

We use cookies to give you the best possible experience. Learn more