തിയേറ്ററിനുള്ളില്‍ സിനിമക്ക് കിട്ടുന്ന കൈയടിയാണ് പ്രധാനം, അല്ലാതെ ആരെങ്കിലും മൈക്കിന്റെ മുന്നില്‍ വന്ന് പറയുന്നതിലല്ല: സിദ്ദിഖ്
Entertainment
തിയേറ്ററിനുള്ളില്‍ സിനിമക്ക് കിട്ടുന്ന കൈയടിയാണ് പ്രധാനം, അല്ലാതെ ആരെങ്കിലും മൈക്കിന്റെ മുന്നില്‍ വന്ന് പറയുന്നതിലല്ല: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th August 2024, 9:44 am

നായകന്‍, വില്ലന്‍, സഹനടന്‍ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് സിദ്ദിഖ്. കരിയറിന്റെ തുടക്കത്തില്‍ സഹനടനായും നായകനായും നിറഞ്ഞുനിന്ന സിദ്ദിഖ് വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലൂടെ വില്ലന്‍ വേഷും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. 2003ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് സിദ്ദിഖിനെ തേടിയെത്തിയിരുന്നു.

സിനിമാ റിവ്യൂകളെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് സിദ്ദിഖ്. ഒരു സിനിമയുടെ വിജയം കണക്കാക്കുന്നത് തിയേറ്ററിനകത്ത് ആ സിനിമക്ക് കിട്ടുന്ന കൈയടികള്‍ വെച്ചിട്ടാണെന്ന് സിദ്ദിഖ് പറഞ്ഞു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് മുന്നിലേക്ക് മൈക്ക് നീട്ടിപ്പിടിച്ച് അഭിപ്രായം ചോദിക്കുന്നത് ശരിയല്ലെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.

സിനിമ നന്നായി ഇഷ്ടപ്പെട്ട ഒരാള്‍ക്ക് ചിലപ്പോള്‍ അതിനെക്കുറിച്ച് അധികം പറയാന്‍ കഴിവുണ്ടാകില്ലെന്ന് സിദ്ദിഖ് പറഞ്ഞു. നന്നായി സംസാരിക്കാന്‍ കഴിവുള്ള ചിലര്‍ മൈക്കിലൂടെ എന്തും പറയാമെന്ന ചിന്തയില്‍ മോശം അഭിപ്രായം പറഞ്ഞ് ശ്രദ്ധ നേടാമെന്ന് വിചാരിച്ചാണ് പലപ്പോഴും സംസാരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. നുണക്കുഴിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.

‘സിനിമാ റിവ്യൂ എന്നത് സിനിമയുടെ വിജയത്തെപ്പറ്റി കണക്കാക്കുന്ന ഘടകമാകരുത്. ഒരു സിനിമ ഹിറ്റാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് തിയേറ്ററിനകത്ത് ആ സിനിമക്ക് കിട്ടുന്ന കൈയടികള്‍ വെച്ചിട്ടാകണം. ഒരാള്‍ തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് അയാള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ പുറത്തിറങ്ങുമ്പോള്‍ ആദ്യം കാണുന്നത് തന്റെ നേരെ നീട്ടിപ്പിടിച്ച മൈക്കിനെയാകും. അയാള്‍ക്ക് സിനിമ ഇഷ്ടമായതുകൊണ്ട് ‘കൊള്ളാം’ എന്ന ഒറ്റവാക്കില്‍ മറുപടി പറഞ്ഞ് അവസാനിപ്പിക്കും.

അതായത് സിനിമ നന്നായി ഇഷ്ടപ്പെട്ട ഒരാള്‍ക്ക് അതിനെപ്പറ്റി സംസാരിക്കാന്‍ കഴിവുണ്ടായെന്ന് വരില്ല. ഒറ്റവാക്കില്‍ അയാള്‍ തന്റെ അഭിപ്രായം പറയും. സംസാരിക്കാന്‍ നല്ല കഴിവുള്ള ആളുകള്‍ വ്യത്യസ്തനാവാന്‍ വേണ്ടി ആ സിനിമയെപ്പറ്റി മോശം പറയും. അതിലൂടെ തനിക്ക് പ്രശസ്തനാകാമല്ലോ എന്ന ചിന്തയിലാണ് അത്തരക്കാര്‍ അങ്ങനെ പറയുന്നത്. അതുകൊണ്ട് സിനിമയുടെ വിജയപരാജയങ്ങളെ ഒരുക്കലും റിവ്യൂ കൊണ്ട് അളക്കരുത് എന്നാണ് എന്റെ അഭിപ്രായം,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique share his opinion about film reviews