എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറില്‍ ഗംഭീര പ്രകടനമാണ് സിദ്ധിഖ് കാഴ്ചവെച്ചത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. ജഡ്ജിയുടെ റോളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
താന്‍ അഭിനയിച്ച സിനിമകള്‍ തിയേറ്ററില്‍ പോയി കാണാറില്ലെന്നും കാണികള്‍ കൂവുമോ കളിയാക്കുമോ എന്ന പേടിയാണ് അതിന് കാരണമെന്നും പറഞ്ഞിരിക്കുകയാണ് സിദ്ധിഖ് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അഭിനയിച്ച സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ എനിക്ക് പേടിയാണ്. നമുക്ക് മാത്രമായി ഒരു പ്രിവ്യൂ ഷോ വെക്കുമ്പോള്‍ കാണുകയെന്നല്ലാതെ തിയേറ്ററില്‍ പബ്ലിക്കിനൊപ്പമിരുന്ന് കാണാന്‍ ബുദ്ധിമുട്ടാണ്.
ഞാന്‍ അഭിനയിച്ച സീനുകള്‍ വരുമ്പോള്‍ ആളുകള്‍ കൂവുമോ കളിയാക്കുമോ എന്ന പേടിയാണ്. ഞാന്‍ അഭിനയിക്കാത്ത സിനിമകള്‍ ഞാന്‍ ഫാമിലിക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും തിയേറ്ററില്‍ പോയിരുന്ന് കാണും.
ഞാന്‍ അഭിനയിച്ച സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ ധൈര്യമില്ല. തിയേറ്ററില്‍ മാത്രമല്ല ഈ പ്രശ്‌നം എനിക്ക് തോന്നാറുള്ളത്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആക്‌റ്റേഴ്‌സിന്റെ കൂടെ ടി.വിയില്‍ സിനിമ കാണുമ്പോള്‍ എന്റെ സീന്‍ വന്നാല്‍ ഞാന്‍ അപ്പോള്‍ തന്നെ മാറ്റി കളയും.
എനിക്ക് അത് വലിയൊരു ചമ്മലുള്ള കാര്യമാണ്. അഭിനയിച്ച സിനിമ കാണുമ്പോള്‍ നമ്മള്‍ ആദ്യം കണ്ടുപിടിക്കുന്നത് മൈനസ് ആവുമെന്നതാണ് അതിന് കാരണം,’ സിദ്ദിഖ് പറഞ്ഞു.