ഗോഡ് ഫാദര്‍ സിനിമയിലെ അച്ഛന്‍ കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കാനായി എന്‍.എന്‍. പിള്ളയെ പോയി കണ്ടപ്പോഴുള്ള അനുഭവം പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്.
കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഈ സിനിമയില്‍ ഞാന്‍ തന്നെ വേണമെന്ന് എന്താണ് നിര്‍ബന്ധം എന്നാണ് എന്‍.എന്‍. പിള്ള ചോദിച്ചതെന്നും അതിന് തങ്ങള്‍ പറഞ്ഞ മറുപടി കേട്ട് അദ്ദേഹം ചിരിക്കുകയായിരുന്നുവെന്നുമാണ് സിദ്ദിഖ് പറയുന്നത്.
ഒറ്റ നോട്ടത്തില്‍ പരുക്കനാണെന്ന് തോന്നുന്ന ആളെയാണ് അച്ഛന്റെ വേഷത്തിലേക്ക് വേണ്ടതെന്ന് താനും ലാലും സത്യസന്ധമായി തുറന്നുപറയുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
ആണ്‍മക്കളെ വരച്ച വരയില്‍ നിറുത്തുന്ന ആളാണ് അഞ്ഞൂറാന്‍. കഥാപാത്രത്തിന്റെ ബലം പ്രേക്ഷകരിലേക്കെത്തിക്കാന്‍ അധികം സീനുകളും ഇല്ല. ഒറ്റനോട്ടത്തില്‍ പരുക്കനാണെന്ന് തോന്നണം. മലയാളികളുടെ മനസ്സില്‍ സാര്‍ ഒരു പരുക്കനാണ്. കേട്ടത് അഞ്ഞൂറാന്റെ ചിരിയാണ്. ഓഹോ അത് കൊള്ളാമല്ലോ, ഇപ്പോള്‍ അതാണോ എന്റെ ഇമേജ് എന്ന് ചോദിച്ച് സാര്‍ ചിരിക്കുകയായിരുന്നു. സിദ്ദിഖ് പറഞ്ഞു.
കാഴ്ചയില്‍ ദുര്‍ബലനും പ്രവൃത്തിയില്‍ പരുക്കനും ആയ ഒരാളാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് നേരത്തേ മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു.
‘മൂത്ത മകന്‍ തിലകന്‍ ചേട്ടനാണെന്നും ഉറപ്പിച്ചിരുന്നു. പക്ഷേ തിലകന്‍ ചേട്ടന്റെ അച്ഛന്‍ റോളിലേക്ക് ആരെയും കിട്ടിയില്ല. അവസാനം തിലകന്‍ ചേട്ടന്‍ അതും കൂടി ചെയ്യട്ടെ എന്നായി. അപ്പോഴാണ് എന്‍.എന്‍. പിള്ള സാറിന്റെ മുഖം മനസ്സിലേക്ക് വന്നത്. സര്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയമായിരുന്നു.
റാംജി റാവു മുതല്‍ വിജയരാഘവന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അവനെ വിളിച്ച് ഞങ്ങള്‍ കാര്യം പറഞ്ഞു. കഥ കേട്ടിട്ട് അച്ഛന്‍ ചെയ്യേണ്ട വേഷമാണെന്ന് തോന്നിയാല്‍ അച്ഛനോട് പറയണം എന്നാണ് അവനോട് പറഞ്ഞത്.
കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഇതെന്തായാലും അച്ഛന്‍ ചെയ്യണം. സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് വിജയരാഘവന്‍ പറഞ്ഞത്,’ സിദ്ദിഖ് പറയുന്നു.
അങ്ങനെ വിജരാഘവന്റെ പറഞ്ഞതിന് ശേഷമാണ് തങ്ങള്‍ സാറെ കാണാന്‍ വീട്ടിലേക്ക് പോയതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
1991ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, ഭീമന്‍ രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ ഈ ചിത്രം തുടര്‍ച്ചയായി 405 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ഗോഡ്ഫാദര്‍. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും നേടിയിരുന്നു.