ഓര്‍മശക്തിയുടെ കാര്യത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു നടനുണ്ടെന്ന് പറയുകയാണ് ചലച്ചിത്രതാരം സിദ്ദീഖ്. മുകേഷിനെക്കുറിച്ചാണ് സിദ്ദീഖ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ച് പറഞ്ഞാലും മുകേഷിന് അതുമായി ബന്ധപ്പെട്ട് ഒരു കഥ പറയാനുണ്ടാവുമെന്നും തങ്ങളാരും കാണാത്ത ഒരു കാഴ്ച മുകേഷ് കാണുമെന്നും സിദ്ദീഖ് പറയുന്നു.
‘മുകേഷിന്റെ കഥകളുടെ ആരാധകനാണ് ഞാനും. മുകേഷിന്റെ കഥകള്‍ പലതും ആവര്‍ത്തിച്ച് വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തവണ പറയുമ്പോഴും അതെത്ര വലിയ കഥയായാലും കഥാപാത്രങ്ങളുടെ പേരുകളോ കഥാ സന്ദര്‍ഭങ്ങളോ മുകേഷിന് മാറിപ്പോകില്ല. ഒരു ഡീറ്റയ്ല്‍സും തെറ്റിപ്പോകില്ല. മുകേഷിന്റെ ആ ഓര്‍മശക്തി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്,’ സിദ്ദീഖ് പറയുന്നു.
മുകേഷുമായി ബന്ധപ്പെട്ട ഒരനുഭവം നടന്‍ ആസിഫ് അലിയും ഫ്‌ളാഷ് മൂവീസില്‍ പങ്കുവെക്കുന്നുണ്ട്.
ഒരിക്കല്‍ കോട്ടയം ടൗണ്‍ഹാളില്‍ നാടകം കഴിഞ്ഞതിന് ശേഷം മുകേഷേട്ടനെ പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. മുകേഷേട്ടന്റെ കൂട്ടുകാര്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു. നീ ഇപ്പോള്‍ അവര്‍ക്ക് ഓട്ടോഗ്രാഫോ പരിചയപ്പെടാനുള്ള ചാന്‍സോ കൊടുക്കരുത്. നാളെ പത്രങ്ങളിലും മറ്റും നിന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന ശേഷം അവര്‍ നിന്നെ കാണാന്‍ കഷ്ടപ്പെട്ട് വരണം.
പെട്ടെന്ന് പരിചയപ്പെടാനുള്ള ചാന്‍സ് കൊടുക്കുന്നതിനേക്കാള്‍ കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ അതിനൊരു വിലയുണ്ടാവൂ എന്ന് കൂട്ടുകാര്‍ പറയുന്നത് കേട്ട് മുകേഷേട്ടന്‍ അതുപോലെ ചെയ്തു. പിറ്റേ ദിവസം രാവിലെ പത്രം നോക്കിയപ്പോള്‍ നാടകത്തെ കുറിച്ചുള്ള വാര്‍ത്തയൊന്നും കണ്ടില്ല.
അന്ന് വൈകീട്ടും പിറ്റേന്നുമൊക്കെ ആ പെണ്‍കുട്ടികള്‍ വീണ്ടും പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനും വന്നേക്കുമെന്ന പ്രതീക്ഷയില്‍ മുകേഷേട്ടന്‍ നാടകം അവസാനിച്ച ടൗണ്‍ഹാളിന് മുമ്പില്‍ പോയി നിന്ന് നോക്കി. എന്നാല്‍ ആരും വന്നില്ല. ആസിഫ് അലി പറയുന്നു.
നമ്മുടെ കൂട്ടുകാര്‍ ഇങ്ങനെ പല ഉപദേശവും തരുമെന്നും എന്നാല്‍ നമുക്ക് തോന്നുന്നപോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി പറയുന്നു. മുകേഷിന്റെ ഒരുപാട് കഥകളൊന്നും തനിക്ക് അറിയില്ലെങ്കിലും ഈ കഥ താന്‍ മറക്കില്ലെന്ന് ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.