| Sunday, 22nd January 2023, 11:54 pm

ദുല്‍ഖര്‍ ഡയലോഗ് പറയാന്‍ തുടങ്ങുമ്പോള്‍ ഇപ്പുറത്തിരിക്കുന്ന എന്റെ ചങ്കിടിക്കും: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിന്റെ സമയത്ത് ദുല്‍ഖര്‍ സല്‍മാനെക്കാള്‍ ടെന്‍ഷനടിച്ചിരുന്നത് താനാണെന്ന് സിദ്ദീഖ്. ദുല്‍ഖര്‍ അപ്പുറത്ത് നിന്ന് ഡയലോഗ് പറയുമ്പോള്‍ ഇപ്പുറത്തിരുന്ന് താന്‍ ടെന്‍ഷനടിക്കാറുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. ദുല്‍ഖറിന്റെയും പ്രണവിന്റെയും കാര്യത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമുള്ള ആശങ്ക തന്നെയാണ് തനിക്കുള്ളതെന്നും ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘ദുല്‍ഖറിനെയും പ്രണവിനേയും വളരെ ചെറുപ്പം മുതല്‍ ഞാന്‍ കാണുന്നുണ്ട്. ഇവര്‍ വളര്‍ന്നുവലുതാവുകയും അഭിനയിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ മോഹന്‍ലാലിനും മമ്മൂക്കക്കും ഉള്ള ടെന്‍ഷന്‍ തന്നെയാണ് എനിക്കും. ഇവരൊക്കെ നന്നായി വന്നാല് മതിയായിരുന്നു എന്ന് തോന്നും.

ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ ഡയലോഗ് പറയുമ്പോള്‍ ഇപ്പുറത്തിരുന്ന് ഞാന്‍ ടെന്‍ഷന്‍ അടിക്കും. ഞാനെന്തിനാണ് ഇത്രയും ടെന്‍ഷനടിക്കുന്നത്, അവനിത്രയും ടെന്‍ഷനില്ലല്ലോ എന്ന് പിന്നെ ചിന്തിക്കും. നമുക്ക് പരിചയമുള്ള ഒരാള്‍ പാടാന്‍ കേറുമ്പോള്‍ നെഞ്ചിടിക്കുമല്ലോ, ഇവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഇവര്‍ക്ക് തെറ്റുമോ, ചെയ്യാന്‍ പറ്റുമോ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു എനിക്ക്. പക്ഷേ അവര്‍ നമ്മുടെ മുമ്പില്‍ വളര്‍ന്ന് വലുതായി പോകുന്നത് കാണുമ്പോള്‍ സന്തോഷമാണ്.

ദുല്‍ഖറിന്റെ ആ പ്രായത്തില്‍ ഞാന്‍ ഒന്നുമല്ലായിരുന്നു. എനിക്ക് 26 വയസൊക്കെയുള്ളപ്പോള്‍ വളരെ ചെറിയ റോള്‍ ചെയ്യാന്‍ തന്നെ പ്രയാസമായിരുന്നു. പക്ഷേ ആ പ്രായത്തിലാണ് ദുല്‍ഖറും പ്രണവും ഒരു സിനിമയില്‍ സെന്‍ട്രല്‍ ക്യാരക്ടര്‍ ചെയ്ത് അത് വിജയിപ്പിക്കുന്നത്. അവരോടൊക്കെ ഒരുപാട് സ്നേഹവും ബഹുമാനവും ആരാധനയുമൊക്കെ തന്നെയാണ് തോന്നുന്നത്,’ സിദ്ദീഖ് പറഞ്ഞു.

‘ദുല്‍ഖര്‍ കുറച്ച് ചെറുതായിരുന്നപ്പോള്‍ ഒരു സംഭവം നടന്നിട്ടുണ്ട്. എനിക്കും മമ്മൂക്കക്കും ഒരു ഷൂട്ടിന് പോകാനുണ്ട്. രാവിലെ നീ വീട്ടിലേക്ക് വാ നമുക്കൊന്നിച്ച് പോകാമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ ദുല്‍ഖര്‍ അവിടെ ഇരിപ്പുണ്ട്. ഒട്ടും സംസാരിക്കില്ല. അങ്കിള്‍ എന്ന് പറഞ്ഞ് അവിടെ ഇരിക്കുകയേയുള്ളൂ.

ആ സമയത്ത് എന്റെ ഒരു സിനിമ ഇറങ്ങിയിരുന്നു. അത് കണ്ടോ എന്ന് അവനോട് ചോദിച്ചു, കണ്ടെന്ന് പറഞ്ഞു. എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ വെരി പ്രെഡിക്ടബിള്‍ എന്നാണ് അവന്‍ പറഞ്ഞത്. എന്തൊരു ഇന്റലിജന്റ് റിപ്ലേ ആണ്. സിനിമ മോശമാണെന്നോ നല്ലതാണെന്നോ ഒന്നുമല്ല. ഞാന്‍ ഓക്കെ മോനേ എന്ന് പറഞ്ഞു,’ സിദ്ദീഖ് പറഞ്ഞു.

Content Highlight: Siddique said that he was more tense than Dulquer Salmaan during the shoot of Ustad Hotel

We use cookies to give you the best possible experience. Learn more